---
title: "ചിക്കൻ പ്രേമികൾക്ക് വൻ തിരിച്ചടി! തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇറച്ചിക്കോഴി വിൽപ്പന നിർത്തുന്നു; സമരം ജൂലൈ 31 മുതൽ"
english_title: "Tamil Nadu Chicken Sale Strike From July 31: Traders Cite Unhygienic Conditions and Tax Burden"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375186/tamil-nadu-chicken-sale-strike-july-31"
published_at: "2026-07-28T17:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6899899662f_tamil-nadu-chicken-sale-strike-july-31.jpg"
keywords: ["Tamil Nadu Chicken Strike", "Poultry Traders", "Chicken Price Hike", "Puducherry"]
---

# ചിക്കൻ പ്രേമികൾക്ക് വൻ തിരിച്ചടി! തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇറച്ചിക്കോഴി വിൽപ്പന നിർത്തുന്നു; സമരം ജൂലൈ 31 മുതൽ

> **Lead Summary:** **ചെന്നൈ: ** തമിഴ്‌നാട്ടിൽ ഇറച്ചിക്കോഴികളുടെ വില്‍പന അടിയന്തരമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. വരുന്ന ജൂലൈ 31 മുതല്‍ വില്‍പന പൂർണ്ണമായും നിര്‍ത്തിവെയ്ക്കുമെന്ന് തമിഴ്‌നാട് ചിക്കൻ ട്രേഡേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷൻ പ്രസിഡന്റ് ബി. ദുരൈരാജാണ് നിർണായകമായ ഈ സമരപ്രഖ്യാപനം പുറത്തുവിട്ടത്.

## Article Content

**ചെന്നൈ: ** തമിഴ്‌നാട്ടിൽ ഇറച്ചിക്കോഴികളുടെ വില്‍പന അടിയന്തരമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. വരുന്ന ജൂലൈ 31 മുതല്‍ വില്‍പന പൂർണ്ണമായും നിര്‍ത്തിവെയ്ക്കുമെന്ന് തമിഴ്‌നാട് ചിക്കൻ ട്രേഡേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷൻ പ്രസിഡന്റ് ബി. ദുരൈരാജാണ് നിർണായകമായ ഈ സമരപ്രഖ്യാപനം പുറത്തുവിട്ടത്.

തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും സമരം വ്യാപിപ്പിക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. ഫാമുകളിൽ നിന്ന് വിപണിയിലെത്തിക്കുന്ന കോഴികളുടെ കാര്യത്തിൽ യാതൊരുവിധ നിബന്ധനകളും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യാപാരികളുടെ പ്രധാന ആരോപണം. വില്‍പനയ്ക്കായി കോഴിയെ അറക്കുമ്പോള്‍ വയറ്റിൽ ശേഷിക്കുന്ന ദഹിക്കാത്ത തീറ്റ കാരണം കടകളിൽ കടുത്ത ശുചിത്വമില്ലായ്മയും വലിയതോതിൽ ആരോഗ്യ ഭീഷണിയും ഉണ്ടാകുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, പൗള്‍ട്രി മേഖലയ്ക്ക് മേല്‍ അടിച്ചേൽപ്പിച്ചിരിക്കുന്ന ഉയർന്ന നികുതികളും എക്‌സൈസ് ഡ്യൂട്ടികളും ഉടൻ പിന്‍വലിക്കണമെന്നും വ്യാപാരികൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കോഴികളെ വില്‍ക്കുന്നതിന് 12 മണിക്കൂർ മുൻപ് തീറ്റ നല്‍കുന്നത് നിര്‍ത്തണമെന്ന കര്‍ശന ചട്ടം ഉല്‍പാദകര്‍ ബോധപൂർവ്വം ലംഘിക്കുകയാണ്.

ഇതുമൂലം വ്യാപാര സ്ഥാപനങ്ങളില്‍ എത്തുമ്പോൾ കോഴികളുടെ വയറ്റില്‍ 100 മുതല്‍ 200 ഗ്രാം വരെ ദഹിക്കാത്ത തീറ്റയും വെള്ളവും ബാക്കിയാകുന്നു. ഇത് തങ്ങൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു. ഇതിനുപുറമേ, കോഴിത്തീറ്റയുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റവും വിപണിയിലെ കടുത്ത അസമത്വങ്ങളും ഇറച്ചിക്കോഴി വ്യാപാര മേഖലയെ പൂർണ്ണമായും തകിടം മറിച്ചിരിക്കുകയാണ്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കച്ചവടക്കാരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375186/tamil-nadu-chicken-sale-strike-july-31)