---
title: "'കുഞ്ഞിനെ തന്നാൽ മൂന്ന് ലക്ഷം', വാ​ഗമണ്ണിൽ കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം; ​ഗർഭിണിയുടെ പരാതിക്ക് പിന്നാലെ രണ്ട് പേർ അറസ്റ്റിൽ"
english_title: "Kottayam Theekoy Pregnant Woman Detained Child Selling Racket 2 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375178/kottayam-theekoy-pregnant-woman-detained-child-racket-arrest"
published_at: "2026-07-28T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6891aa77208_kottayam-theekoy-pregnant-woman-detained-child-racket-arrest.jpg"
keywords: ["Baby Trafficking", "Kottayam", "Theekoy", "Child Trafficking", "Arrest", "Kerala Police"]
---

# 'കുഞ്ഞിനെ തന്നാൽ മൂന്ന് ലക്ഷം', വാ​ഗമണ്ണിൽ കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം; ​ഗർഭിണിയുടെ പരാതിക്ക് പിന്നാലെ രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **കോട്ടയം: **കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി എന്ന് അസം സ്വദേശിയായ 22കാരിയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

## Article Content

**കോട്ടയം: **കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി എന്ന് അസം സ്വദേശിയായ 22കാരിയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അസം സ്വദേശിനി നടത്തിയത്. വാഗമണ്ണിന് അടുത്ത് തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് യുവതിയുടെ പരാതി. സ്വന്തം വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചത്തോടെയാണ് 22കാരി നാടുവിട്ടത്.

തുടർന്ന് അമ്മയേയും കുട്ടിയേയും സംരക്ഷിക്കുന്ന ഇടങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞു. അങ്ങനെ തീക്കോയിൽ അർഷിവ് കെയർ എന്ന സ്ഥാപനത്തെ പറ്റി അറിഞ്ഞു. അവരെ ബന്ധപ്പെട്ടു. കാർത്തിക് എന്ന് പരിചയപ്പെടുത്തിയ ആൾ കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചു നൽകി.

10 ദിവസം മുൻപ് യുവതി തീക്കോയിൽ എത്തി. സ്ഥാപനത്തിൽ എത്തിയതിന് ശേഷം ഒരാൾ കുഞ്ഞിനെ തന്നാൽ മൂന്ന് ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞു എന്നാണ് 22കാരിയായ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കുഞ്ഞിന് വിലയിട്ടപ്പോൾ ആണ് തട്ടിപ്പ് നടക്കുന്നതെന്ന് യുവതിക്ക് മനസ്സിലായത്. തുടർന്ന് അവിടെ നിന്ന് രക്ഷപെട്ടോടി. കോട്ടയത്തുള്ള സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്‌ വഴിയാണ് പൊലീസിൽ പരാതി നൽകിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തീക്കോയിൽ നിന്ന് രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് അറസ്റ്റിലായത്.

യുവതിയെ അന്യായമായി തടവിൽ പാർപ്പിച്ചു, മർദിച്ചു തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. യുവതി പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്. വനിത-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375178/kottayam-theekoy-pregnant-woman-detained-child-racket-arrest)