---
title: " അവിടെ ഐക്യപ്പെട്ടു... ഇവിടെയോ ...? ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; സംസ്ഥാനത്ത് എടുത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ച് പിണറായി വിജയൻ"
english_title: "Pinarayi Vijayan Demands Withdrawal of Jantar Mantar Protest Cases in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375169/pinarayi-letter-cm-jantar-mantar-protest-cases-withdraw-kerala"
published_at: "2026-07-28T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a688addc423f_pinarayi-letter-cm-jantar-mantar-protest-cases-withdraw-kerala.jpg"
keywords: ["Pinarayi Vijayan", "Jantar Mantar Protest", "Kerala Government", "VD Satheesan", "Student Protest"]
---

#  അവിടെ ഐക്യപ്പെട്ടു... ഇവിടെയോ ...? ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; സംസ്ഥാനത്ത് എടുത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ച് പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് കേരളത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടും കേരളത്തില്‍ അത്തരമൊരു തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

## Article Content

തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് കേരളത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടും കേരളത്തില്‍ അത്തരമൊരു തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്‌സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യപരമല്ല.

സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കേരള പൊലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

**കത്തിന്റെ പൂർണരൂപം**

> “ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

NEET പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്‍റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്‍ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്‍കുകയും അതിന്‍റെ ഭാഗമാവുകയും ചെയ്തത്.

സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പോലിസ് കേസെടുത്തിട്ടുണ്ട്.

ഈ കേസുകള്‍ പിന്‍വലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി സമരത്തില്‍ ഭാഗഭാക്കായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെയും ഡല്‍ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. അതിന്‍റെ തുടര്‍ച്ചയായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്‍റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി.

ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്.

സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

**പിണറായി വിജയൻ”**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375169/pinarayi-letter-cm-jantar-mantar-protest-cases-withdraw-kerala)