---
title: "പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം"
english_title: "Kuttippuram Bus Accident Aquaplaning Cause One Dead Many Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375165/kuttippuram-bus-accident-aquaplaning-one-dead"
published_at: "2026-07-28T16:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6888281e9ed_kuttippuram-bus-accident-aquaplaning-one-dead.jpg"
keywords: ["Kuttippuram Bus Accident", "Kuttippuram Accident", "Aquaplaning", "Malappuram", "Kerala"]
---

# പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം

> **Lead Summary:** **മലപ്പുറം: ** കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ച അപകടത്തിന് കാരണം 'അക്വാപ്ലെയ്നിങ്' ആണെന്നാണ് പ്രാഥമിക നിഗമനം. റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി രൂപപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

## Article Content

**മലപ്പുറം: ** കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ച അപകടത്തിന് കാരണം 'അക്വാപ്ലെയ്നിങ്' ആണെന്നാണ് പ്രാഥമിക നിഗമനം. റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി രൂപപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടു. ബസിന്റെ ടയറുകൾക്ക് തേയ്മാനം ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.തൃശൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യബസാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. അമിത മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. സംഭവത്തിൽ ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ കാരണങ്ങൾ കണ്ടെത്താൻ പൊലീസ്, എംവിഡി, ദേശീയപാത അതോറിറ്റി എന്നിവർ ചേർന്ന് ഇന്ന് സംയുക്ത പരിശോധന നടത്തും.

ബസിന്റെ വേഗതയും ടയറുകളുടെ സ്ഥിതിയും ഉൾപ്പെടെ വിശദമായി പരിശോധിക്കും.അതേസമയം ബസിന്റെ അമിത വേഗതയും റോഡിന്റെ അശാസ്ത്രീയതയും സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പ്രത്യേക അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കനത്ത മഴയുള്ള സമയങ്ങളിൽ അക്വാപ്ലെയ്നിങ് മൂലം വലിയ വാഹനങ്ങൾക്ക് പോലും നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ടയറും റോഡും തമ്മിലുള്ള ഘർഷണം കുറഞ്ഞ് വാഹനം വെള്ളത്തിന് മുകളിലൂടെ തെന്നിനീങ്ങുന്ന പ്രതിഭാസമാണ് അക്വാപ്ലെയ്നിങ്. മഴക്കാലത്ത് വേഗത കുറച്ച് ഓടിക്കാൻ മോട്ടോർ വാഹന വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375165/kuttippuram-bus-accident-aquaplaning-one-dead)