---
title: "'ഇങ്ങനെ നടക്കാൻ പാടില്ല'; കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്, സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്ന് 16-കാരന്റെ പരാതി "
english_title: "Kerala School Ragging: Plus Two Students Attack Plus One Boy With Stone in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375160/kannur-prm-school-ragging-plus-two-students-attack-plus-one"
published_at: "2026-07-28T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6885d6cd602_kannur-prm-school-ragging-plus-two-students-attack-plus-one.jpg"
keywords: ["Kerala School Ragging", "Student Attack", "PRM Higher Secondary School", "Kannur News"]
---

# 'ഇങ്ങനെ നടക്കാൻ പാടില്ല'; കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്, സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്ന് 16-കാരന്റെ പരാതി 

> **Lead Summary:** കണ്ണൂർ: റാഗിങ്ങിന്റെ പേരിൽ കണ്ണൂരിലെ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമായ ആക്രമണമെന്ന് പരാതി. കല്ല് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 6 വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.

## Article Content

കണ്ണൂർ: റാഗിങ്ങിന്റെ പേരിൽ കണ്ണൂരിലെ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമായ ആക്രമണമെന്ന് പരാതി. കല്ല് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 6 വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കണ്ണൂർ കുളവല്ലൂർ പി ആർ എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഉച്ചയോടെ ഭക്ഷണം കഴിക്കാനായി ക്യാന്റീനിൽ പോയപ്പോഴായിരുന്നു സംഭവം.

> ഒരു കൂട്ടം സീനിയർ വിദ്യാർഥികൾ പെട്ടെന്ന് ക്യാന്റീനിലേക്ക് എത്തുകയും യാതൊരു പ്രകോപനവുമില്ലാതെ 16കാരനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരിക്കേറ്റ വിദ്യാർഥി പൊലീസിന് നൽകിയ മൊഴി. "ജൂനിയേഴ്സ് ഇങ്ങനെ നടക്കാൻ പാടില്ല" എന്ന് പറഞ്ഞാണ് തന്നെ അടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു.

> ഇതിന് മുൻപ് തങ്ങൾ തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മർദ്ദനത്തിന് ശേഷം "നിന്നെ ഒറ്റയ്ക്ക് കിട്ടിയാൽ വീണ്ടും അടിക്കും" എന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥി വെളിപ്പെടുത്തി. ആക്രമണത്തിൽ കുട്ടിയുടെ തലയടിച്ചുപൊട്ടി. തലയിൽ സ്റ്റിച്ചുകൾ വേണ്ടിവന്നു.

കാലിനും പരിക്കേറ്റിട്ടുണ്ട്. സീനിയേഴ്സ് മർദ്ദിക്കുന്നത് നിരവധി വിദ്യാർഥികൾ നേരിട്ട് കണ്ടിരുന്നതായും പരിക്കേറ്റ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ കുളവല്ലൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സ്കൂൾ അധികൃതർ ആഭ്യന്തര അന്വേഷണവും നടത്തി. റാഗിങ്ങിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 6 പ്ലസ്ടു വിദ്യാർഥികളെയാണ് തത്കാലം സസ്പെൻഡ് ചെയ്തത്. സ്കൂളിൽ റാഗിങ്ങ് വിരുദ്ധ സെൽ ശക്തമാക്കുമെന്നും കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് സ്കൂളുകളിൽ റാഗിങ്ങ് വർധിക്കുന്നതിന്റെ സൂചനയാണ് ഈ സംഭവം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശന നടപടികൾ വേണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375160/kannur-prm-school-ragging-plus-two-students-attack-plus-one)