---
title: " പാഠം പഠിപ്പിക്കാൻ അല്ല, ജീവൻ തന്നെ ഇല്ലാതാക്കാൻ...! ക്ലാസിൽ മൂത്രമൊഴിച്ചു എന്ന് പറഞ്ഞ് നഴ്സറി വിദ്യാർത്ഥിയുടെ ജനേന്ദ്രിയത്തിൽ കത്തി ചൂടാക്കി പൊള്ളിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ കേസ്"
english_title: "Varanasi Teacher Burns 5-Year-Old Boy With Hot Knife, Case Registered Against School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375153/varanasi-sarine-soni-school-teacher-burns-boy-hot-knife-case"
published_at: "2026-07-28T15:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a687bd1d5314_varanasi-sarine-soni-school-teacher-burns-boy-hot-knife-case.jpg"
keywords: ["Child Abuse", "Uttar Pradesh News", "School Teacher Burn", "Crime News"]
---

#  പാഠം പഠിപ്പിക്കാൻ അല്ല, ജീവൻ തന്നെ ഇല്ലാതാക്കാൻ...! ക്ലാസിൽ മൂത്രമൊഴിച്ചു എന്ന് പറഞ്ഞ് നഴ്സറി വിദ്യാർത്ഥിയുടെ ജനേന്ദ്രിയത്തിൽ കത്തി ചൂടാക്കി പൊള്ളിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ കേസ്

> **Lead Summary:** ലക്ക്നൗ: ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചു എന്ന കാരണത്തിന് അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയുടെ ജനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ ഉത്തർപ്രദേശ് വാരണാസിയിലെ പ്ലേ സ്കൂൾ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

ലക്ക്നൗ: ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചു എന്ന കാരണത്തിന് അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയുടെ ജനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ ഉത്തർപ്രദേശ് വാരണാസിയിലെ പ്ലേ സ്കൂൾ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

വാരണാസിയിലെ ലാൽപൂർ-പാണ്ഡേപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സരീൻ സോണി പ്ലേ സ്കൂളിലാണ് ജൂലൈ 24-ന് ഈ ക്രൂരത അരങ്ങേറിയത്. പ്രീതി കുഷ്വാഹ എന്ന അധ്യാപികയാണ് കുട്ടിയെ ഉപദ്രവിച്ചത്. പരാതി പ്രകാരം ക്ലാസിലിരിക്കുമ്പോൾ മൂത്രമൊഴിക്കാൻ പുറത്തുപോകാൻ കുട്ടി അധ്യാപികയോട് അനുവാദം ചോദിച്ചു.

എന്നാൽ അധ്യാപിക അതിന് വിസമ്മതിച്ചു. തുടർന്ന് കുട്ടി നിർവാഹമില്ലാതെ ട്രൗസറിൽ തന്നെ മൂത്രമൊഴിച്ചു. ഇതിൽ രോഷാകുലയായ അധ്യാപിക ആദ്യം കുട്ടിയെ ക്രൂരമായി മർദിച്ചു. പിന്നീട് കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി ജനേന്ദ്രിയത്തിൽ പൊള്ളിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ കുട്ടി കടുത്ത വേദനയാൽ കരഞ്ഞു. സംശയം തോന്നിയ മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടത്. തുടർന്ന് കുട്ടി അമ്മയോട് സ്കൂളിൽ നടന്ന കാര്യങ്ങൾ കരഞ്ഞുകൊണ്ട് വിവരിച്ചു.

സംഭവം അറിഞ്ഞ ഉടൻ മാതാപിതാക്കൾ സ്കൂൾ മാനേജ്മെന്റിനെയും പ്രിൻസിപ്പലിനെയും സമീപിച്ചെങ്കിലും അവർ നടപടിയെടുക്കാൻ തയ്യാറായില്ല. പകരം പരാതിയുമായി പോയാൽ അനന്തരഫലം നേരിടേണ്ടിവരുമെന്ന് പറഞ്ഞ് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.

തുടർന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപിക പ്രീതി കുഷ്വാഹ, സ്കൂൾ പ്രിൻസിപ്പൽ, മാനേജ്മെന്റ് എന്നിവർക്കെതിരെ ലാൽപൂർ-പാണ്ഡേപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന്റെ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ വൈദ്യപരിശോധനയും നടത്തി. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ സ്കൂൾ അധികൃതർ കാണിച്ച ഗുരുതരമായ വീഴ്ചയാണ് ഈ സംഭവം തെളിയിക്കുന്നത്. പ്രദേശത്ത് സംഭവം വലിയ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375153/varanasi-sarine-soni-school-teacher-burns-boy-hot-knife-case)