---
title: "'അപരിഹാര്യമായ നഷ്ടം; രമേശൻ പാലേരി കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരൻ' - അനുശോചിച്ച് പിണറായി വിജയൻ"
english_title: "Pinarayi Vijayan Condoles Rameshan Paleri Death: Irreparable Loss to Uralungal Society"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375132/pinarayi-vijayan-condolence-rameshan-paleri-uralungal"
published_at: "2026-07-28T14:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a686a0c7cb95_pinarayi-vijayan-condolence-rameshan-paleri-uralungal.jpg"
keywords: ["Rameshan Paleri", "Pinarayi Vijayan", "ULCCS Chairman", "Vatakara"]
---

# 'അപരിഹാര്യമായ നഷ്ടം; രമേശൻ പാലേരി കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരൻ' - അനുശോചിച്ച് പിണറായി വിജയൻ

> **Lead Summary:** കണ്ണൂർ: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രമേശന്റെ അകാലത്തിലുള്ള വേർപാട് ഊരാളുങ്കൽ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

## Article Content

കണ്ണൂർ: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രമേശന്റെ അകാലത്തിലുള്ള വേർപാട് ഊരാളുങ്കൽ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രമേശന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ഉറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനെയാണ് രമേശൻ പാലേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി യുഎൽസിസിഎസിനെ അനന്യമായ കർമ്മശേഷിയോടെയാണ് രമേശൻ പാലേരി നയിച്ചത്. വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളി സഹകരണ സംഘം ഇന്ന് നിർമ്മാണ രംഗത്തോടൊപ്പം വിവര സാങ്കേതിക വിദ്യ ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ വ്യാപരിക്കുന്ന വലിയ പ്രസ്ഥാനമായി വളർന്നത് രമേശന്റെ നേതൃത്വത്തിലാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയാണ് ഇന്ന് ഊരാളുങ്കൽ. ഈ വളർച്ചയ്ക്ക് പിന്നിൽ രമേശന്റെ അക്ഷീണമായ പ്രവർത്തനമുണ്ടെന്ന് പിണറായി പറഞ്ഞു. സഹകരണ തത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് തന്റെ മാനേജ്മെന്റ് വൈദഗ്ധ്യം സ്ഥാപനത്തിന്റെ പുരോഗതിക്കായി അദ്ദേഹം ഉപയോഗിച്ചു.

ഇൻഫ്രാസ്ട്രക്ചർ, ഐ.ടി - യുഎൽ സൈബർ പാർക്ക്, ടൂറിസം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ന് യുഎൽസിസിഎസ് അനിഷേധ്യ സാന്നിധ്യമാണ്. പ്രവർത്തനങ്ങളിൽ സമയനിഷ്ഠയും ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിൽ രമേശന് നിർബന്ധമുണ്ടായിരുന്നു. ഇതാണ് യുഎൽസിസിഎസിനെ ഒരു ബ്രാൻഡ് ആക്കി മാറ്റിയത്.

അതുവഴി അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്താനും അംഗീകാരങ്ങൾ നേടാനും സാധിച്ചു. തൊഴിലാളികൾ നേരിടുന്ന ക്രൂര ചൂഷണത്തെ പ്രതിരോധിക്കാനായി രൂപംകൊണ്ട ഒരു കൂട്ടായ്മ നാടിന്റെ പുരോഗതിയുടെ തന്നെ ചാലകശക്തിയായി വളർന്നത് ഊരാളുങ്കലിന്റെ മാതൃകയാണ്.

ഈ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചവർ വിടവാങ്ങുമ്പോഴും തൊഴിലാളി താൽപര്യവും ക്രിയാത്മക സമീപനവും മുറുകെ പിടിച്ച് കൂടുതൽ കർമ്മോത്സുകരാവുകയാണ് ചെയ്യാനുള്ളതെന്നും പിണറായി വിജയൻ അനുശോചനത്തിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375132/pinarayi-vijayan-condolence-rameshan-paleri-uralungal)