---
title: "'എന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ തൃക്കാക്കരയിൽ മത്സരിപ്പിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നു'; സാബു ജേക്കബിനെതിരെ അഖിൽ മാരാർ"
english_title: "Akhil Marar Alleges Sabu M Jacob Ruined Political Career For BJP Fund"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375130/akhil-marar-alleges-sabu-jacob-trhikkakara-bjp-fund-new-"
published_at: "2026-07-28T13:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a686b42195f6_akhil-marar-alleges-sabu-jacob-trhikkakara-bjp-fund-new.jpg"
keywords: ["Akhil Marar", "Sabu M Jacob", "Twenty20", "BJP", "Thrikkakara", "Kerala Politics"]
---

# 'എന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ തൃക്കാക്കരയിൽ മത്സരിപ്പിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നു'; സാബു ജേക്കബിനെതിരെ അഖിൽ മാരാർ

> **Lead Summary:** ** ട്വ**ന്റി20 പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടി അധ്യക്ഷനും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം അഖിൽ മാരാർ രംഗത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് മനഃപൂർവം തൃക്കാക്കര മണ്ഡലത്തിൽ മത്സരിപ്പിച്ചതെന്നും, ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടായിരുന്നു സാബുവിന്റെ നീക്കമെന്നും അഖിൽ ആരോപിച്ചു.

## Article Content

** ട്വ**ന്റി20 പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടി അധ്യക്ഷനും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം അഖിൽ മാരാർ രംഗത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് മനഃപൂർവം തൃക്കാക്കര മണ്ഡലത്തിൽ മത്സരിപ്പിച്ചതെന്നും, ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടായിരുന്നു സാബുവിന്റെ നീക്കമെന്നും അഖിൽ ആരോപിച്ചു.

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്റി20 വഴി കൊട്ടാരക്കരയിൽ മത്സരിക്കാനായിരുന്നു തന്റെ ലക്ഷ്യമെന്ന് അഖിൽ പറഞ്ഞു. 'കൊട്ടാരക്കരയിൽ 50,000 വോട്ട് നേടാനും വിജയിക്കാനും സാധ്യതയുണ്ടായിരുന്നു. കുറഞ്ഞത് രണ്ടാം സ്ഥാനമെങ്കിലും നേടാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ട്വന്റി20യുടെ ഭാഗമായത്.

എന്നാൽ എന്നെ കൊട്ടാരക്കരയിൽ നിന്ന് വെട്ടി.'പിന്നീട് ബിജെപിയുടെ 'എ' ക്ലാസ് സീറ്റുകളിൽ ഒന്നായ തൃപ്പൂണിത്തൂരിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചെന്നും അഖിൽ വെളിപ്പെടുത്തി. 'എനിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖർ ട്വന്റി20യ്ക്ക് തൃപ്പൂണിത്തുറ സീറ്റ് നൽകിയത്. എന്നാൽ എന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ വേണ്ടി എന്നെ തൃക്കാക്കരയിലേക്ക് മാറ്റുകയായിരുന്നു' എന്നാണ് അഖിലിന്റെ ആരോപണം.

മാർച്ച് 15ന് തന്നെ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള സന്നദ്ധത സാബു ജേക്കബിനെ അറിയിച്ചിരുന്നതായും അഖിൽ പറഞ്ഞു. 'ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായി. നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യുമെന്നു വരെ അദ്ദേഹം പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് താൽപര്യം സ്വന്തം കാര്യത്തിൽ മാത്രമാണ്.

ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ടും അഖിൽ ഗുരുതര ആരോപണം ഉന്നയിച്ചു. 'ഈ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സംഘടനാപരമായി ട്വന്റി20യ്ക്ക് പണം നൽകിയിട്ടുണ്ട്. 19 സീറ്റിൽ മത്സരിച്ചത് കണക്ക് കാണിച്ച് കൂടുതൽ ഫണ്ട് വാങ്ങിക്കാനാണ്. ഞാനുൾപ്പെടെയുള്ള ആളുകളെ മത്സരിപ്പിച്ചത് അതിന് വേണ്ടിയാണ്. അതിന്റെ പഴി ഞാൻ കേൾക്കേണ്ട ആവശ്യമില്ല' - അഖിൽ മാരാർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375130/akhil-marar-alleges-sabu-jacob-trhikkakara-bjp-fund-new-)