---
title: "'അക്കരെ പോയി തിരികെ വരാം'; സുഹൃത്തുക്കളുമായുള്ള ബെറ്റ് ദുരന്തമായി, കൊല്ലത്ത് ചിറ നീന്തിക്കടക്കാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു"
english_title: "Kollam Man Drowns In Pond After Bet With Friends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375128/kollam-man-drowns-in-pond-bet-with-friends"
published_at: "2026-07-28T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68696ce660c_kollam-man-drowns-in-pond-bet-with-friends.jpg"
keywords: ["Kollam News", "Drowning", "Chakkuvally", "Kerala", "Fire Force", "Scuba Team", "Accident"]
---

# 'അക്കരെ പോയി തിരികെ വരാം'; സുഹൃത്തുക്കളുമായുള്ള ബെറ്റ് ദുരന്തമായി, കൊല്ലത്ത് ചിറ നീന്തിക്കടക്കാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** കൊല്ലം: **[**സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബുവാണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്.

## Article Content

കൊല്ലം: **[**സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബുവാണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ചക്കുവള്ളി ചിറ നീന്തിക്കടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി പന്തയം വെച്ചിരുന്നത്. ഇതനുസരിച്ച് നീന്തൽ തുടങ്ങിയെങ്കിലും അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോകുകയായിരുന്നു.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കൊല്ലത്തുനിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്‌സിന്റെ സ്കൂബാ ടീം നടത്തിയ വ്യാപകമായ തിരച്ചിലിൽ അടുത്ത ദിവസം രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375128/kollam-man-drowns-in-pond-bet-with-friends)