---
title: "തൊഴിലാളികളുടെ കണ്ണീരൊപ്പിയ നേതാവ്, ഗൾഫ് യാത്ര മാറ്റിവെച്ച് മടങ്ങിയെത്തിയ ആ 22-കാരൻ, വിടവാങ്ങിയത് പതിറ്റാണ്ടുകളോളം തണലായി നിന്ന നായകൻ"
english_title: "ULCCS Chairman Rameshan Paleri Dies Legacy Cooperative Leader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375120/ulccs-chairman-rameshan-paleri-dies-legacy"
published_at: "2026-07-28T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68620ed153d_ulccs-chairman-rameshan-paleri-dies-legacy.jpg"
keywords: ["Rameshan Paleri", "ULCCS", "Urallungal", "Cooperative", "Kozhikode"]
---

# തൊഴിലാളികളുടെ കണ്ണീരൊപ്പിയ നേതാവ്, ഗൾഫ് യാത്ര മാറ്റിവെച്ച് മടങ്ങിയെത്തിയ ആ 22-കാരൻ, വിടവാങ്ങിയത് പതിറ്റാണ്ടുകളോളം തണലായി നിന്ന നായകൻ

> **Lead Summary:** **കോഴിക്കോട് : **ഊരാളുങ്കൽ എന്ന തൊഴിലാളി പ്രസ്ഥാനത്തിനെ ചരിത്രത്തോടൊപ്പം ചേർത്തുവെച്ച് പ്രസ്ഥാനത്തിന് പതിറ്റാണ്ടുകളോളം തണലായി നിന്ന നായകനാണ് വിടവാങ്ങിയത്. ഒരു സാധാരണ ലേബർ കോൺട്രാക്ട് സഹകരണസംഘത്തെ ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തെ രണ്ടാമത്തെ വലിയതുമായ ലേബർ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളിലൊന്നാക്കി വളർത്തിയെടുത്ത നേതാവാണ് ഇന്ന് വിടവാങ്ങിയത്.

## Article Content

**കോഴിക്കോട് : **ഊരാളുങ്കൽ എന്ന തൊഴിലാളി പ്രസ്ഥാനത്തിനെ ചരിത്രത്തോടൊപ്പം ചേർത്തുവെച്ച് പ്രസ്ഥാനത്തിന് പതിറ്റാണ്ടുകളോളം തണലായി നിന്ന നായകനാണ് വിടവാങ്ങിയത്. ഒരു സാധാരണ ലേബർ കോൺട്രാക്ട് സഹകരണസംഘത്തെ ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തെ രണ്ടാമത്തെ വലിയതുമായ ലേബർ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളിലൊന്നാക്കി വളർത്തിയെടുത്ത നേതാവാണ് ഇന്ന് വിടവാങ്ങിയത്.

രമേശൻ പാലേരി എന്ന നായകന്റെ വിയോഗം കേവലം ഒരു വ്യക്തിയുടെ നഷ്ടമല്ല, മറിച്ച് ഒരു നാടിന്റെയും ആയിരക്കണക്കിന് തൊഴിലാളികളുടെയും കരുത്താണ് ഇല്ലാതായിരിക്കുന്നത്.

അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ നേതൃത്വകാലം യുഎൽസിസിഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയുടെ കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

1984-ൽ ഗൾഫ് ജീവിതം സ്വപ്നംകണ്ട് സൗദി അറേബ്യയിലേക്ക് പോകാനൊരുങ്ങിയ യുവാവായിരുന്നു രമേശൻ പാലേരി. യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അച്ഛനും യുഎൽസിസിഎസ് പ്രസിഡന്റുമായിരുന്ന പാലേരി കണാരൻ മാസ്റ്ററുടെ മരണവാർത്ത അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചുവിളിച്ചു. ആ അപ്രതീക്ഷിത തിരിച്ചുവരവാണ് പിന്നീട് ഊരാളുങ്കൽ സൊസൈറ്റിയുടെ ഭാവി തന്നെ മാറ്റിമറിച്ചത്.

ഐ.ടി.ഐ.യിൽ സിവിൽ ഡ്രാഫ്റ്റ്സ്മാൻ കോഴ്‌സ് പൂർത്തിയാക്കിയ രമേശൻ ആദ്യം സൊസൈറ്റിയിൽ ഓവർസിയറായി പ്രവർത്തനം തുടങ്ങി. ഒരു പതിറ്റാണ്ടോളം ആ ചുമതല നിർവഹിച്ച ശേഷം 1995-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 31 വർഷം തുടർച്ചയായി സംഘടനയെ നയിച്ച് സഹകരണ മേഖലയിലെ ഏറ്റവും ശ്രദ്ധേയരായ ഭരണാധികാരികളിലൊരാളായി അദ്ദേഹം മാറി.

യുഎൽസിസിഎസുമായുള്ള ബന്ധം രമേശൻ പാലേരിക്ക് കുടുംബപാരമ്പര്യത്തിന്റെ ഭാഗം കൂടിയായിരുന്നു. 1925-ൽ രൂപംകൊണ്ട സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു മുത്തച്ഛൻ പാലേരി ചന്തൻ മാസ്റ്റർ. പിന്നീട് അച്ഛൻ പാലേരി കണാരൻ മാസ്റ്ററും ദീർഘകാലം പ്രസിഡന്റായി പ്രവർത്തിച്ചു. ആ പാരമ്പര്യത്തിന്റെ തുടർച്ചയായി 35-ാം വയസ്സിൽ രമേശനും നേതൃത്വത്തിലേക്കെത്തി.

അദ്ദേഹം ചുമതലയേറ്റ സമയത്ത് ചെറിയ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്ന സൊസൈറ്റി പിന്നീട് ദേശീയപാതകൾ, ഫ്ലൈഓവറുകൾ, വൻ പാലങ്ങൾ, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എന്നിവ നടപ്പാക്കുന്ന സ്ഥാപനമായി വളർന്നു.

ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്ന നിലയിലേക്ക് യുഎൽസിസിഎസിനെ ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനും ഭരണമികവിനും വലിയ പങ്കുണ്ട്.

സാങ്കേതിക വിദ്യയുടെ പ്രാധാന്യം നേരത്തേ തിരിച്ചറിഞ്ഞ അദ്ദേഹം നിർമ്മാണരംഗത്തെ ആധുനിക രീതികൾ യുഎൽസിസിഎസിൽ നടപ്പാക്കി. പ്രികാസ്റ്റ്, പ്രീഫാബ് നിർമാണ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഐ.ടി. സേവനങ്ങൾ, സൈബർ പാർക്ക്, ഐ.ടി. ഹബ് തുടങ്ങിയ മേഖലകളിലേക്കും സ്ഥാപനം വ്യാപിപ്പിച്ചു.

ഇതോടെ നിർമാണ സഹകരണസംഘം എന്ന പരിമിതിയിൽ നിന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് നിലവാരമുള്ള സ്ഥാപനമായി യുഎൽസിസിഎസ് മാറി. നിർമാണരംഗത്തിന് ആവശ്യമായ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. അതിന്റെ ഭാഗമായാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സ്ഥാപിച്ചത്. പരിശീലനം, ഗവേഷണം, നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗം എന്നിവയിൽ ഈ സ്ഥാപനം നിർണായക പങ്കുവഹിച്ചുവരുന്നു.

തൊഴിലാളികളുടെ ക്ഷേമം വികസനത്തിന്റെ പ്രധാന ഘടകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജോലിക്കിടെ അപകടത്തിൽ മരിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ₹30 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ, ഇ.എസ്.ഐ., പി.എഫ്., ഗ്രാറ്റുവിറ്റി, ബോണസ് എന്നിവയ്ക്കൊപ്പം വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പലിശരഹിത വായ്പയും ഉറപ്പാക്കി.

തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. രമേശൻ പാലേരിയുടെ നേതൃത്വത്തിൽ യുഎൽസിസിഎസിന് ദേശീയ-അന്തർദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങളും ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയായ യു.എൻ.ഡി.പി. മാതൃകാ സഹകരണസംഘമായി സ്ഥാപനത്തെ തെരഞ്ഞെടുത്തു.

ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസും യുഎൽസിസിഎസിന്റെ പ്രവർത്തന മികവിനെ ആദരിച്ചു. മികച്ച സഹകാരിക്കുള്ള സംസ്ഥാന സഹകരണ വകുപ്പിന്റെ റോബർട്ട് ഓവൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഒരു തൊഴിലാളി സഹകരണസംഘത്തെ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പുനർനിർമിക്കുകയും ആഗോള ശ്രദ്ധ നേടുന്ന സ്ഥാപനമാക്കി ഉയർത്തുകയും ചെയ്ത നേതാവായിരുന്നു രമേശൻ പാലേരി.

അദ്ദേഹത്തിന്റെ വേർപാടോടെ സഹകരണ മേഖലയ്ക്ക് ദീർഘകാലം നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് സഹകരണ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375120/ulccs-chairman-rameshan-paleri-dies-legacy)