---
title: "വസ്ത്രം മാറണമെന്ന് പറഞ്ഞ് ശുചിമുറിയിൽ കയറി, നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; യുവതി പൊലീസ് കസ്റ്റഡിയിൽ"
english_title: "Newborn Baby Found Dead in Nilambur Hospital Toilet: Mother Taken into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375119/nilambur-newborn-baby-found-dead-hospital-toilet-police-case"
published_at: "2026-07-28T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6860ae0f65e_nilambur-newborn-baby-found-dead-hospital-toilet-police-case.jpg"
keywords: ["Newborn Baby Found Death", "Fatima Hospital Nilambur", "Kerala Crime", "Nilambur News"]
---

# വസ്ത്രം മാറണമെന്ന് പറഞ്ഞ് ശുചിമുറിയിൽ കയറി, നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; യുവതി പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ചാലിയാർ സ്വദേശിയായ യുവതിയും ഭർത്താവും നിലമ്പൂർ അകമ്പാടത്തുള്ള ഫാത്തിമ ആശുപത്രിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തി.

പരിശോധനയിൽ യുവതിക്ക് അമിതമായ രക്തസ്രാവം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ ചികിത്സ നൽകാൻ സാധിക്കില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് വസ്ത്രം മാറണമെന്ന് പറഞ്ഞ് യുവതി ആശുപത്രിയിലെ ശുചിമുറിയിൽ കയറി.

അല്പസമയത്തിന് ശേഷം യുവതി പുറത്തിറങ്ങി. വസ്ത്രം മാറാനായി കയറിയതാണെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ജീവനക്കാരും കരുതിയത്. പിന്നീട് ഇവർ ഭർത്താവിനൊപ്പം ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പോയി.

ശുചിമുറിയിൽ ചെലവഴിച്ച സമയത്താണ് യുവതി പ്രസവിച്ചതെന്നും, അതിനുശേഷം നവജാത ശിശുവിനെ അവിടെയുള്ള ബക്കറ്റിൽ ഉപേക്ഷിച്ചതാണെന്നുമാണ് കരുതപ്പെടുന്നത്.ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ ആദ്യം കണ്ടത്.

ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നതായി സ്ഥിരീകരിച്ചു.

സംഭവത്തിൽ നിലമ്പൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. യുവതിയെ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവറുടെ മൊഴി പ്രകാരം ഇവർ നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ജില്ലാ ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375119/nilambur-newborn-baby-found-dead-hospital-toilet-police-case)