---
title: "സംസ്ഥാനത്ത് റേഷൻ അരിയും ഗോതമ്പും എ.ടി.എം. വഴി നൽകാൻ പുതിയ പദ്ധതി; പ്രാരംഭ നടപടികൾ തുടങ്ങി"
english_title: "Kerala To Launch Grain ATM For Ration Distribution Like Odisha Model"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375118/kerala-ration-grain-atm-distribution-civil-supplies"
published_at: "2026-07-28T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a685ffcbd683_kerala-ration-grain-atm-distribution-civil-supplies.jpg"
keywords: ["Kerala Ration ATM", "Civil Supplies", "Grain ATM Kerala", "PDS Modernization", "Odisha Model"]
---

# സംസ്ഥാനത്ത് റേഷൻ അരിയും ഗോതമ്പും എ.ടി.എം. വഴി നൽകാൻ പുതിയ പദ്ധതി; പ്രാരംഭ നടപടികൾ തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം: [** സംസ്ഥാനത്ത് റേഷൻ വിതരണം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അരിയും ഗോതമ്പും എ.ടി.എം. വഴി ലഭ്യമാക്കാനുള്ള പുതിയ പദ്ധതിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് തുടക്കമിടുന്നു.

## Article Content

**തിരുവനന്തപുരം: [** സംസ്ഥാനത്ത് റേഷൻ വിതരണം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അരിയും ഗോതമ്പും എ.ടി.എം. വഴി ലഭ്യമാക്കാനുള്ള പുതിയ പദ്ധതിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് തുടക്കമിടുന്നു.

ഒഡീഷയിലെ ഭുവനേശ്വറിൽ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് കേരളത്തിലും പരീക്ഷിക്കാൻ ആലോചിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ധാന്യവിതരണ യന്ത്രങ്ങൾ വഴി ഉപഭോക്താക്കൾക്ക് വളരെ വേഗത്തിൽ സാധനങ്ങൾ കൈപ്പറ്റാനാകും. ഇതിനായി യന്ത്രത്തിൽ ആധാർ നമ്പർ അല്ലെങ്കിൽ റേഷൻ കാർഡ് വിവരങ്ങൾ നൽകിയ ശേഷം ബയോമെട്രിക് സംവിധാനം വഴി വിരലടയാളം സ്കാൻ ചെയ്യണം.

നടപടികൾ പൂർത്തിയാകുന്നതോടെ കേവലം അഞ്ച് മിനിറ്റിനുള്ളിൽ ഉപഭോക്താവിന് ആവശ്യമായ ധാന്യങ്ങൾ യന്ത്രത്തിൽനിന്ന് ശേഖരിക്കാൻ സാധിക്കും. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷയിൽ ഇത്തരം ധാന്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്.

പദ്ധതിയുടെ പ്രായോഗിക സാധ്യതാ പഠനം സിവിൽ സപ്ലൈസ് വകുപ്പ് നടത്തിവരികയാണ്. രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാൻ സാധിക്കുന്ന സംവിധാനത്തിന്റെ ഭാഗമായുള്ള ഈ പരീക്ഷണ പദ്ധതി നിലവിലുള്ള റേഷൻ കടയുടമകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375118/kerala-ration-grain-atm-distribution-civil-supplies)