---
title: "ഡോക്ടറോ എൻജിനീയറോ ആകാം; വഴിമുട്ടിയ വിദ്യാഭ്യാസം വീണ്ടും തുടങ്ങാം! സ്കോൾ-കേരളയിൽ പ്ലസ് വൺ പ്രവേശനം ആരംഭിച്ചു"
english_title: "SCOLE Kerala Plus One Admission 2025 Open Registration Eligibility"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375115/scole-kerala-plus-one-admission-2025-open-registration"
published_at: "2026-07-28T13:16:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a685f57bd0e7_scole-kerala-plus-one-admission-2025-open-registration.jpg"
keywords: ["SCOLE Kerala", "Plus One Admission", "Open School", "Kerala Education"]
---

# ഡോക്ടറോ എൻജിനീയറോ ആകാം; വഴിമുട്ടിയ വിദ്യാഭ്യാസം വീണ്ടും തുടങ്ങാം! സ്കോൾ-കേരളയിൽ പ്ലസ് വൺ പ്രവേശനം ആരംഭിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എജുക്കേഷൻ - കേരള ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എജുക്കേഷൻ - കേരള ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്കും വിവിധ കാരണങ്ങളാൽ പഠനം നിർത്തേണ്ടി വന്നവർക്കും ഗുണനിലവാരമുള്ള തുടർപഠനം ഉറപ്പാക്കുക എന്നതാണ് SCOLE-Kerala യുടെ ലക്ഷ്യം.

പ്രധാന സവിശേഷതകൾ

അറിവിനൊപ്പം നൈപുണ്യം വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇവിടെ പഠിക്കുന്നവർ റെഗുലർ സ്കൂൾ വിദ്യാർഥികൾക്കൊപ്പം തന്നെയാണ് പൊതുപരീക്ഷ എഴുതുന്നത്. ലഭിക്കുന്ന യോഗ്യത ഉപയോഗിച്ച് മെഡിക്കൽ, എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും ദേശീയ-സംസ്ഥാന മത്സരപരീക്ഷകൾക്കും അപേക്ഷിക്കാം.

ഉയർന്ന പ്രായപരിധിയില്ല.

വിവിധ കോഴ്സുകൾ

ഓപ്പൺ റെഗുലർ കോഴ്സ്: സയൻസ് - ബയോളജി, കംപ്യൂട്ടർ സയൻസ്, സൈക്കോളജി. ഹ്യൂമാനിറ്റീസ് - ജ്യോഗ്രഫി, സോഷ്യോളജി, സോഷ്യൽ വർക്ക്, സ്റ്റാറ്റിസ്റ്റിക്സ്. കൊമേഴ്സ് - മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. ലാബ് സൗകര്യങ്ങളോടും സമ്പർക്ക ക്ലാസുകളോടും കൂടിയാണ് പഠനം.

പ്രൈവറ്റ് രജിസ്ട്രേഷൻ: ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ സമ്പർക്ക ക്ലാസുകൾ ഇല്ലാതെ രജിസ്റ്റർ ചെയ്ത് നേരിട്ട് പരീക്ഷ എഴുതാം. പരീക്ഷാ കേന്ദ്രങ്ങളിൽ 2 ദിവസത്തെ ഓറിയന്റേഷൻ ക്ലാസ് നൽകും.

സ്പെഷ്യൽ കാറ്റഗറി (പാർട്ട് III): നേരത്തെ ഹയർസെക്കൻഡറി ജയിച്ചവർക്ക് പഴയ രജിസ്ട്രേഷൻ റദ്ദാക്കാതെ പുതിയ സബ്ജക്ട് കോമ്പിനേഷൻ തിരഞ്ഞെടുത്ത് 2 വർഷം പഠിക്കാം. മുൻപ് ജയിച്ച വിഷയങ്ങൾ വീണ്ടും എഴുതേണ്ടതില്ല.

രണ്ടാംവർഷ പ്രവേശനവും പുനഃപ്രവേശനവും: ഒന്നാംവർഷം പഠനം പൂർത്തിയാക്കി മുടങ്ങിയവർക്കും മറ്റ് ബോർഡുകളിൽ നിന്ന് ലാറ്ററൽ എൻട്രി വഴി കേരള സിലബസിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി രണ്ടാം വർഷത്തിൽ നേരിട്ട് പ്രവേശനം.

തൊഴിലധിഷ്ഠിത ഡിപ്ലോമ: ഹയർസെക്കൻഡറിയോടൊപ്പം പഠിക്കാവുന്ന PSC അംഗീകൃത DCA, യോഗിക് സയൻസ്, ഡൊമിസിലിയറി നഴ്സിങ് കെയർ, ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ.

യോഗ്യത: കേരള സിലബസ് SSLC, CBSE, ICSE, THSLC അല്ലെങ്കിൽ മറ്റ് സംസ്ഥാന/ദേശീയ ബോർഡുകളിൽ നിന്ന് ഉന്നതപഠന യോഗ്യതയുള്ളവർ. കേരളത്തിന് പുറത്തുള്ള ബോർഡുകൾ, NIOS, സാക്ഷരതാ മിഷൻ എന്നിവ വഴി യോഗ്യത നേടിയവർ ഇക്വലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ: www.scolekerala.org വഴി ഓൺലൈനായി ഫീസ് അടച്ച് അപേക്ഷിക്കുക. പ്രിന്റൗട്ടും രേഖകളും ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. സ്വയം പഠന സഹായികൾ സൗജന്യമായി ലഭിക്കും. ഹ്യുമാനിറ്റീസ് പുസ്തകങ്ങൾ മലയാളത്തിലും ഉണ്ട്. അവധി ദിവസങ്ങളിൽ സർക്കാർ HSS-കളിൽ സമ്പർക്ക ക്ലാസുകൾ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375115/scole-kerala-plus-one-admission-2025-open-registration)