---
title: "ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ.... ശബരിമല സ്വര്‍ണ്ണക്കൊള്ള; പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു"
english_title: "Sabarimala Gold Scam Case: Ex Travancore Devaswom President PS Prashanth, Ajikumar in SIT Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375113/sabarimala-gold-scam-ps-prashanth-ajikumar-sit-custody"
published_at: "2026-07-28T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a685d636affa_sabarimala-gold-scam-ps-prashanth-ajikumar-sit-custody.jpg"
keywords: ["Sabarimala Gold Theft", "Sabarimala Case", "PS Prashanth", "Ajikumar", "Travancore Devaswom Board", "SIT Investigation"]
---

# ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ.... ശബരിമല സ്വര്‍ണ്ണക്കൊള്ള; പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

> **Lead Summary:** കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും ഒരു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.

## Article Content

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും ഒരു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.

കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ എസ്ഐടി നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ പോലീസ് ക്ലബിലേക്ക് കൊണ്ടുപോകുക.

2024-25 കാലയളവില്‍ ഇവരുടെ ഭരണകാലത്ത് വലിയ തോതില്‍ സ്വര്‍ണക്കൊള്ള നടന്നതായാണ് എസ്ഐടിയുടെ കണ്ടെത്തല്‍. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ സന്നിധാനത്ത് നിന്നും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.

ഈ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വിശദമായ ചോദ്യാവലിയാണ് എസ്ഐടി തയ്യാറാക്കിയിരിക്കുന്നത്. തിരുവാഭരണ പാളികള്‍ സ്വര്‍ണം പൂശാന്‍ ക്ഷേത്രത്തിന് പുറത്ത് കൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷന്‍ ഓഫീസ് സൂപ്രണ്ടിന്റെ കത്ത് പി.എസ്. പ്രശാന്ത് അവഗണിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ദേവസ്വം മാനുവല്‍ ചൂണ്ടിക്കാട്ടി 2024 ഒക്ടോബറില്‍ നല്‍കിയ കത്തിലാണ് തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്ര വളപ്പില്‍ തന്നെ ചെയ്യണമെന്ന് നിര്‍ദേശിച്ചത്. കേസില്‍ ഇരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില്‍ പുതിയ ബോര്‍ഡ് ഉത്തരവിറക്കിയെന്നും ശബരിമലയിലെ സ്വര്‍ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണം ഉണ്ടാക്കാന്‍ അവസരം ഒരുക്കിയെന്നും 2019ലെ അപഹരണം മറക്കാനാണ് 2025ല്‍ വീണ്ടും സ്വര്‍ണം പൂശല്‍ നടത്തിയതെന്നും എസ്ഐടി കോടതിയെ അറിയിച്ചു.

സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം വേര്‍തിരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഈ ഇടപാടില്‍ വീണ്ടും സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതിനാല്‍ വിശദമായ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുമെന്നും സൂചനയുണ്ട്. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് എസ്ഐടി സംഘം പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375113/sabarimala-gold-scam-ps-prashanth-ajikumar-sit-custody)