---
title: "പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ല, മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ല; അഖിൽ മാരാർ ട്വന്റി 20 വിട്ടു"
english_title: "Akhil Marar Quits Twenty20 Party, Slams Sabu M Jacob"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375058/akhil-marar-quits-twenty20-party-sabu-jacob-criticism-"
published_at: "2026-07-28T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68366028c5c_akhil-marar-quits-twenty20-party-sabu-jacob-criticism-.jpg"
keywords: ["Akhil Marar", "Twenty20", "Sabu M Jacob", "Kerala Politics", "Bigg Boss"]
---

# പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ല, മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ല; അഖിൽ മാരാർ ട്വന്റി 20 വിട്ടു

> **Lead Summary:** **കൊച്ചി : **സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു എന്നും മുന്നോട്ട് സഹകരിച്ച് പോകാൻ കഴിയുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് അഖിലിന്റെ രാജി. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹം പുറത്തേക്ക് പോയത്.

## Article Content

**കൊച്ചി : **സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു എന്നും മുന്നോട്ട് സഹകരിച്ച് പോകാൻ കഴിയുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് അഖിലിന്റെ രാജി. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹം പുറത്തേക്ക് പോയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സാബു എം. ജേക്കബ് ഫോൺ എടുക്കുന്നില്ല എന്ന് അഖിൽ ആരോപിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നും അദ്ദേഹം പറഞ്ഞു.ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രമുള്ള പാർട്ടിയാണ് എന്നായിരുന്നു അഖിലിന്റെ പ്രധാന വിമർശനം.

> സാബുവുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ എന്റെ കൈവശമുണ്ട് എന്ന് അഖിൽ പറഞ്ഞു. കൊട്ടാരക്കര സീറ്റ് ഉറപ്പിച്ചതിന് ശേഷമാണ് രശ്മിയെ അവിടെ സ്ഥാനാർഥിയാക്കിയത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറിനോട് ചോദിച്ചപ്പോൾ "മറന്നുപോയി" എന്നായിരുന്നു മറുപടി എന്നും അദ്ദേഹം വെളിപ്പെടുത്തി.

ബിജെപിയും ആർഎസ്എസും തൃപ്പൂണിത്തുറ സീറ്റ് അഖിലിന് നൽകണമെന്ന് നിർദേശിച്ചിരുന്നു എന്നും എന്നാൽ അവസാനം സാബു നൽകിയത് തൃക്കാക്കര സീറ്റാണ് എന്നും അഖിൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ നിന്ന് എഴുതിവന്നത് ഇങ്ങനെയാണ് എന്നായിരുന്നു സാബുവിന്റെ വിശദീകരണം. തൃക്കാക്കരയിൽ പാർട്ടിയുണ്ടെന്ന് പറഞ്ഞിട്ട് പോയപ്പോൾ ഒപ്പമുണ്ടായിരുന്നത് രണ്ടുപേർ മാത്രം. സാബുവിനെ എതിർത്ത ആരും പ്രചാരണത്തിന് ഇറങ്ങിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 ലക്ഷം രൂപയ്ക്ക് ആശിച്ച് വാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിന് പണം കണ്ടെത്തിയത് എന്ന് അഖിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിട്ട് രണ്ടര മാസമായി മറുപടിയില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടും നേതൃത്വം ഒന്നും മിണ്ടുന്നില്ല. സാബു ജേക്കബ് തൃക്കാക്കരയിൽ തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല എന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375058/akhil-marar-quits-twenty20-party-sabu-jacob-criticism-)