---
title: "ഇൻസ്റ്റഗ്രാം വഴി മാഫിയയുമായി ബന്ധം, വലിയ കമ്മീഷൻ: വടകരയിലെ എം.ഡി.എം.എ. കേസിൽ അധ്യാപികമാർക്ക് പങ്ക്, എസ്.ഐ.ടി. അന്വേഷണം"
english_title: "Vadakara MDMA Case: Teachers Used Instagram to Contact Drug Mafia, SIT Formed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375036/vadakara-teachers-mdma-instagram-drug-racket-sit-probe"
published_at: "2026-07-28T08:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["mdma", "Vadakara MDMA Case", "Teachers arest"]
---

# ഇൻസ്റ്റഗ്രാം വഴി മാഫിയയുമായി ബന്ധം, വലിയ കമ്മീഷൻ: വടകരയിലെ എം.ഡി.എം.എ. കേസിൽ അധ്യാപികമാർക്ക് പങ്ക്, എസ്.ഐ.ടി. അന്വേഷണം

> **Lead Summary:** വടകര: എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് അധ്യാപികമാരും മയക്കുമരുന്ന് മാഫിയയുമായി ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴിയാണെന്ന് പോലീസ്. ലഹരി ഇടപാടുകാരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇവർ സോഷ്യൽ മീഡിയ വഴി ബന്ധം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

## Article Content

വടകര: എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് അധ്യാപികമാരും മയക്കുമരുന്ന് മാഫിയയുമായി ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴിയാണെന്ന് പോലീസ്. ലഹരി ഇടപാടുകാരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇവർ സോഷ്യൽ മീഡിയ വഴി ബന്ധം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ആദ്യം സ്വന്തം ഉപയോഗത്തിനായി ഇൻസ്റ്റഗ്രാം വഴി മംഗളൂരുവിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവർക്ക് എം.ഡി.എം.എ. ലഭിച്ചത്. പിന്നീട് ഇതേ ശൃംഖല തന്നെ വിൽപ്പനയ്ക്കും ഉപയോഗിച്ചു.

രണ്ടുപേരും അധ്യാപികമാരായതിനാൽ സംശയം കുറവായിരിക്കുമെന്ന് കരുതിയാണ് മാഫിയ ഇവരെ കണ്ണികളാക്കി ഉപയോഗിച്ചത്.ഇടപാടുകാർ കാവ്യയുടെയും കീർത്തനയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചത്.  

തങ്ങൾ പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ആവശ്യക്കാർക്ക് മറ്റുള്ളവരുടെ അക്കൗണ്ട് നൽകിയത്. 50,000 രൂപയുടെ ഇടപാടിന് 3000 രൂപ മാത്രമാണ് കമ്മീഷനെന്ന് ഇവർ മൊഴി നൽകിയെങ്കിലും ഇത് ശരിയല്ലെന്ന് പോലീസ് പറയുന്നു. അക്കൗണ്ടിലേക്ക് വന്ന വലിയ തുകകൾ ഇവർ സ്വന്തം ആവശ്യങ്ങൾക്കും ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരവും പോലീസിന് ലഭിച്ചു. കാർ ആരുടെ പേരിലാണ്, ഫണ്ട് എവിടെ നിന്ന് എന്നിവ ഉൾപ്പെടെ പരിശോധന തുടരുകയാണ്.കാവ്യയും കീർത്തനയും ദീർഘകാല സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളും മറ്റ് തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇവരുടെ സംഘത്തിൽ മറ്റൊരാൾ കൂടിയുണ്ടെന്ന സൂചനയും അന്വേഷണസംഘത്തിനുണ്ട്. അക്കൗണ്ട് പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.കേസിൽ സമഗ്ര അന്വേഷണത്തിന് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ പോലീസുദ്യോഗസ്ഥരും ജില്ലാ നാർക്കോട്ടിക് സെൽ, സൈബർ സെൽ, വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തി മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും.

റൂറൽ പരിധിയിൽ അടുത്തിടെ പിടികൂടിയ വലിയ ലഹരി കേസുകളിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരുടെയും ബന്ധുക്കളുടെയും ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കുമെന്ന് എസ്.പി. അറിയിച്ചു.

അതിനിടെ എം.ഡി.എം.എ. കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി സ്വദേശിനി കെ. കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ ചേലേരിയാണ് ഉത്തരവിറക്കിയത്.

നേരത്തെ സമാന കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയെയും പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ്., യു.ഡി.എസ്.എഫ്. പ്രവർത്തകർ പേരാമ്പ്ര ബി.ആർ.സി. ഓഫീസ് ഉപരോധിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375036/vadakara-teachers-mdma-instagram-drug-racket-sit-probe)