---
title: "വടകരയിലെ  ലഹരികേസ്: അധ്യാപികമാരുടെ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ എത്തി, ആഭ്യന്തര അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് "
english_title: "Vadakara Drug Case: Teachers' Bank Accounts Show Lakhs, Education Dept Orders Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375035/vadakara-drug-case-teachers-bank-accounts-lakhs-education-probe"
published_at: "2026-07-28T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673a9d8587c_kozhikode-vatakara-teachers-drug-case-sit-investigation-mdma.jpg"
keywords: ["Vadakara MDMA Case", "Maruthonkara MDMA Case", "Drug Racket", "Teachers Arrested", "Education Department Probe"]
---

# വടകരയിലെ  ലഹരികേസ്: അധ്യാപികമാരുടെ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ എത്തി, ആഭ്യന്തര അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് 

> **Lead Summary:** കോഴിക്കോട്: വടകരയിൽ എംഡിഎംഎ വിൽപന കേസിൽ അറസ്റ്റിലായ രണ്ട് താത്കാലിക അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ ഇടപാട് നടന്നതായി കണ്ടെത്തി.

## Article Content

കോഴിക്കോട്: വടകരയിൽ എംഡിഎംഎ വിൽപന കേസിൽ അറസ്റ്റിലായ രണ്ട് താത്കാലിക അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ ഇടപാട് നടന്നതായി കണ്ടെത്തി.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെ.സി.കീർത്തന, കെ.കാവ്യ എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും സമഗ്ര ശിക്ഷാ അഭിയാന് കീഴിലെ താത്കാലിക അധ്യാപികമാരാണ്. പോലീസ് നടത്തിയ സാമ്പത്തിക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തിയിട്ടുണ്ട്.

കാവ്യയുടെ അക്കൗണ്ടിൽ കഴിഞ്ഞ 5 മാസത്തിനിടെ 9 ലക്ഷം രൂപയുടെ ഇടപാടും കണ്ടെത്തി. ലഹരി വിൽപന നടത്തി ലഭിച്ച പണമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ഇടപെട്ടു. അധ്യാപകരുടെ അറസ്റ്റ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമഗ്ര ശിക്ഷാ അഭിയാനിൽ നിന്ന് വകുപ്പ് തേടിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും.

ഇവർക്കെതിരെ നേരത്തെ ഉയർന്ന പരാതികളിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതും ജില്ലാ ഓഫീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ 15 ബി.ആർ.സിക്ക് കീഴിലുള്ള മുഴുവൻ താത്കാലിക അധ്യാപകരെയും കുറിച്ച് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചു.

അതേസമയം പേരാമ്പ്ര ബി.ആർ.സി കോർഡിനേറ്ററെ സർക്കാർ ചുമതലയിൽ നിന്ന് മാറ്റി. കോർഡിനേറ്റർ നേരത്തെ നൽകിയിരുന്ന ഒഴിവാക്കൽ അപേക്ഷ കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ തീർപ്പാക്കിയാണ് നടപടി.

വിദ്യാഭ്യാസ മേഖലയിൽ ലഹരിയുടെ കടന്നുകയറ്റം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂളുകളിലും ബി.ആർ.സി കേന്ദ്രങ്ങളിലും ബോധവത്കരണ പരിപാടികൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ എം.ഡി.എം.എ. കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി സ്വദേശിനി കെ. കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ ചേലേരിയാണ് ഉത്തരവിറക്കിയത്.

നേരത്തെ സമാന കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയെയും പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ്., യു.ഡി.എസ്.എഫ്. പ്രവർത്തകർ പേരാമ്പ്ര ബി.ആർ.സി. ഓഫീസ് ഉപരോധിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375035/vadakara-drug-case-teachers-bank-accounts-lakhs-education-probe)