---
title: "രക്തത്തിൽ കുളിച്ച് അയൽവാസി....! പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 21- കാരൻ  അറസ്റ്റിൽ"
english_title: "Mundur Attack Case: Youth Arrested for Brutal Iron Pipe Assault on Neighbor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375031/mundur-iron-pipe-attack-youth-arrested-neighbor-assault"
published_at: "2026-07-28T08:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a681de2a90b6_mundur-iron-pipe-attack-youth-arrested-neighbor-assault.jpg"
keywords: ["Attempt to Murder Case", "Neighbor Assault Case", "Crime News", "Kerala Police Arrest", "Palakkad News"]
---

# രക്തത്തിൽ കുളിച്ച് അയൽവാസി....! പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 21- കാരൻ  അറസ്റ്റിൽ

> **Lead Summary:** മുണ്ടൂർ: അയൽവാസിയായ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ.

## Article Content

മുണ്ടൂർ: അയൽവാസിയായ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ.

മുണ്ടൂർ മൂത്തേടം ഹൗസിലെ അഭിജിത്ത് (21) ആണ് മുണ്ടൂർ പോലീസിന്റെ പിടിയിലായത്. വിക്രമുണ്ടേശ്വര ക്ഷേത്രത്തിന് സമീപം പുനർജനി വീട്ടിലെ വി. പ്രവീൺ (32)നാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.

തിങ്കളാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. അഭിജിത്ത് അയൽവാസിയായ പെൺകുട്ടിയുടെ കിടപ്പുമുറിയുടെ ജനലിൽ തട്ടി വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. ഭയന്ന പെൺകുട്ടി ഉടൻ തന്നെ വിവരം പ്രവീണിനെ അറിയിച്ചു.

പെൺകുട്ടിയെ രക്ഷിക്കാനായി പ്രവീൺ സ്ഥലത്തെത്തി അഭിജിത്തിനെ പിടിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ അഭിജിത്ത് സമീപത്ത് കിടന്നിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് പ്രവീണിനെ ആക്രമിക്കുകയായിരുന്നു. പ്രവീണിന്റെ തലയ്ക്കും മുഖത്തും വലത് തോളിലുമാണ് അടിയേറ്റത്.

ആക്രമണത്തിൽ പ്രവീണിന്റെ തലയ്ക്കും ചുണ്ടുകൾക്കും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായി. മുന്നിലെ പല്ലും പൊട്ടി. കാൽമുട്ടിലെ എല്ലിന് പൊട്ടലും വലത് തോളിന്റെ കുഴ തെറ്റലും സംഭവിച്ചിട്ടുണ്ട്. വീണ്ടും തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ പ്രവീൺ ഒഴിഞ്ഞുമാറിയതാണ് വലിയ ദുരന്തം ഒഴിവായത്.

ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുണ്ടൂർ പോലീസ് സബ് ഇൻസ്പെക്ടർ എം.എസ്. സത്യജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

എഎസ്ഐ രാജു നാരായണൻ, ഷീബ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, മഹേഷ്, ധന്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റിലായ അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375031/mundur-iron-pipe-attack-youth-arrested-neighbor-assault)