---
title: "സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, കോഴിക്കോട്  യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് പൊലീസ് "
english_title: "Young Man Found Dead in Room at Mundupalem Kozhikode, Police Suspect Foul Play"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375029/kozhikode-mundupalem-young-man-found-dead-room-mystery"
published_at: "2026-07-28T08:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68174c3dc38_kozhikode-mundupalem-young-man-found-dead-room-mystery.jpg"
keywords: ["Suspicious Death Kerala", "Kerala Crime News", "Kozhikode police", "Kozhikode News"]
---

# സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, കോഴിക്കോട്  യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് പൊലീസ് 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് ഒരു യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് എന്ന 24 കാരനാണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് ഒരു യുവാവിനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് എന്ന 24 കാരനാണ് മരിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ട് ദിവസം മുൻപാണ് ഷരീഖ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരികെ വീട്ടിലെത്തിയിരുന്നില്ല.

ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടെയാണ് മുണ്ടുപാലത്തെ ഒരു വീട്ടിലെ മുറിയിൽ ഷരീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവ് എങ്ങനെ ആ മുറിയിലെത്തി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഷരീഖിന് ആ മുറിയുമായി എന്ത് ബന്ധമാണുള്ളതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മുറിയിൽ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ അറിയാനാകൂ.

ആദ്യം മരണവിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത് യുവാവിന്റെ സഹോദരൻ എന്ന് പറഞ്ഞ് ഒരു വ്യക്തിയാണ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഷരീഖിന്റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

അഷ്റഫിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മുറിയിലെ സാഹചര്യങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രദേശവാസികളോടും ഷരീഖിന്റെ സുഹൃത്തുക്കളോടും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375029/kozhikode-mundupalem-young-man-found-dead-room-mystery)