---
title: "കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ്; പ്രവർത്തകരെ സംരക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ"
english_title: "Alappuzha Youth Congress MP Praveen Warning Congress Leadership Job Appointment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375008/alappuzha-youth-congress-mp-praveen-warning-congress-leadership"
published_at: "2026-07-27T22:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a678b564a2a3_kollam-kundara-custodial-death-girl-statement-cpo-sreejith.jpg"
keywords: ["Kollam", "Kundara", "Custodial Death", "Kerala Police", "Siyad", "CPO Sreejith"]
---

# കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ്; പ്രവർത്തകരെ സംരക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ

> **Lead Summary:** **ആലപ്പുഴ: **കോൺഗ്രസ് നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ രംഗത്ത്.ചോദ്യം ചെയ്യേണ്ട കാര്യങ്ങൾ ചോദ്യം ചെയ്യാനുള്ള ആർജവം ആർക്കും പണയം വെച്ചിട്ടില്ലെന്ന് പ്രവീൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

## Article Content

**ആലപ്പുഴ: **കോൺഗ്രസ് നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ രംഗത്ത്.ചോദ്യം ചെയ്യേണ്ട കാര്യങ്ങൾ ചോദ്യം ചെയ്യാനുള്ള ആർജവം ആർക്കും പണയം വെച്ചിട്ടില്ലെന്ന് പ്രവീൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സംഘടനയ്ക്ക് വേണ്ടി അടികൊള്ളാനും സമരം ചെയ്യാനും നടന്ന പ്രവർത്തകരെ അപമാനിക്കാൻ ശ്രമിച്ചാൽ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നിൽക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണമാറ്റം ഉണ്ടായ ശേഷം വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന താൽക്കാലിക നിയമനങ്ങളിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്ന് പ്രവീൺ ആവശ്യപ്പെട്ടു.

> ലഭിക്കുന്ന പരാതികളിൽ തൃപ്തികരമായ മറുപടിയും നടപടിയും ഉണ്ടായില്ലെങ്കിൽ പരസ്യമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി."കൂടെ നിന്ന് യൗവനം കളഞ്ഞ് പണിയെടുത്ത ചെറുപ്പക്കാരെ അധികാരവും നിയമനങ്ങളും വരുമ്പോൾ കാണാതെ പോകാൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് സാധിക്കില്ല.

> ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കാൻ പാർട്ടി നേതാക്കൾക്ക് ബാധ്യതയുണ്ട്. അത് ചെയ്തുകൊടുത്തില്ലെങ്കിൽ അവർക്ക് വേണ്ടി ചോദിക്കാൻ എനിക്കും ഉത്തരവാദിത്തമുണ്ട്" എന്നും പ്രവീൺ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ യൂത്ത് കോൺഗ്രസ്-പൊലീസ് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രവീൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവീണിന്റെ ശക്തമായ പ്രതികരണം.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം**

ഭരണമാറ്റം ഉണ്ടായ ശേഷം പല സ്ഥാപനങ്ങളിലും നടത്തുന്ന താല്‍കാലിക നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് ആലപ്പുഴ ജില്ലയിലെ പല ബ്ലോക്കുകളിലും ബ്ലോക്ക് പ്രസിഡന്റുമാര്‍ അടക്കമുള്ള നേതൃത്വത്തോട് അഭിപ്രായം പറയുമ്പോള്‍ കേള്‍ക്കാന്‍ തയ്യാറാവാതെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും സംഘടനക്ക് വേണ്ടി അടി കൊള്ളാനും സമരം ചെയ്യാനും നടന്നവരെയും അപമാനിക്കാന്‍ തുനിഞ്ഞാല്‍ ഭരണ വിലാസം സംഘടനയായി ഒതുങ്ങി നില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായെന്ന് വരില്ല.

ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ആര്‍ക്കും പണയം വച്ചിട്ടില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കളോട് പാര്‍ട്ടി ഫോറം വഴി അഭിപ്രായവും പരാതിയും പറഞ്ഞിട്ടുണ്ട്. മറുപടിയും നടപടിയും തൃപ്തികരമല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാവും.

കൂടെ നിന്ന് യൗവനം കളഞ്ഞ് പണിയെടുത്ത ചെറുപ്പക്കാരെ അധികാരവും നിയമനങ്ങളും വരുമ്പോള്‍ കാണാതെ പോകാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ സാധിക്കില്ല. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ചെയ്തു കൊടുത്തില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ചോദിക്കാന്‍ എനിക്കും ഉത്തരവാദിത്തമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375008/alappuzha-youth-congress-mp-praveen-warning-congress-leadership)