---
title: "കുണ്ടറയിൽ കസ്റ്റഡി മർദ്ദനമരണം; കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയൻ "
english_title: "Kundara Custodial Death Siyad Dies Alleged Police Beating Pinarayi Demands Action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374985/kundara-custodial-death-siyad-police-beating-pinarayi-demands-action"
published_at: "2026-07-27T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67614926306_kundara-custodial-death-siyad-police-beating-pinarayi-demands-action.jpg"
keywords: ["Kundara", "Custodial Death", "Kerala Police", "Pinarayi Vijayan", "Siyad Death"]
---

# കുണ്ടറയിൽ കസ്റ്റഡി മർദ്ദനമരണം; കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയൻ 

> **Lead Summary:** **കൊല്ലം: **കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**കൊല്ലം: **കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പൊലീസിന്റെ ക്രൂരമർദനമാണ് മരണകാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചതായി ഭാര്യയുടെ പരാതിയിൽ പറയുന്നതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ജീപ്പിൽ കയറ്റുന്ന സമയം മുതൽ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയതായും അദ്ദേഹം പറഞ്ഞു.

അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് ജൂൺ 16ന് രാത്രി സിയാദിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചായിരുന്നു പിടിച്ചുകൊണ്ടുപോക്ക്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ വരെ സ്റ്റേഷനിൽ കാത്തിരുന്നു.

കാണാതായ കുട്ടി പിറ്റേന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയതോടെയാണ് സിയാദിനെ വിട്ടയച്ചത്. എന്നാൽ തന്നെ ക്രൂരമായി മർദ്ദിച്ചതായി സിയാദ് ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ശരീരമാസകലം മർദനത്തിന്റെ വേദനയുമായാണ് ആശുപത്രിയിലെത്തിയത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ച് വാരിയെല്ല് തകർന്ന് ഇൻഫെക്ഷനായത് കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എത്രയും വേഗം മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി. ഇന്റലിജൻസ് റിപ്പോർട്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374985/kundara-custodial-death-siyad-police-beating-pinarayi-demands-action)