---
title: "'വിദ്യാർഥികളെ വേട്ടയാടരുത്', ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ വീണ്ടും പ്രക്ഷോഭമെന്ന് സിജെപി; പൊലീസ് ക്രൂരത പങ്കുവയ്ക്കാൻ സാക്ഷി വെബ്സൈറ്റ് ആരംഭിച്ചു"
english_title: "NEET Protest: Cockroach Janata Party Alleges Police Targeting Protesters, Launches Sakshi Portal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374981/neet-protest-police-crackdown-cjp-sakshi-portal"
published_at: "2026-07-27T18:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6758666fc62_neet-protest-police-crackdown-cjp-sakshi-portal.jpg"
keywords: ["NEET Protest", "Cockroach Janata Party", "Delhi Police", "Kapil Sibal", "Sakshi Website", "Student Protest"]
---

# 'വിദ്യാർഥികളെ വേട്ടയാടരുത്', ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ വീണ്ടും പ്രക്ഷോഭമെന്ന് സിജെപി; പൊലീസ് ക്രൂരത പങ്കുവയ്ക്കാൻ സാക്ഷി വെബ്സൈറ്റ് ആരംഭിച്ചു

> **Lead Summary:** നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പങ്കെടുത്തവരെ ദില്ലി പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

## Article Content

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പങ്കെടുത്തവരെ ദില്ലി പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിജെപി പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയത്.

സമരം പിൻവലിക്കുന്നതിന് മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത് സമരക്കാർക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കണമെന്നതാണ്. എന്നാൽ ആ വ്യവസ്ഥ സർക്കാർ പാലിക്കുന്നില്ലെന്ന് സിജെപി ആരോപിച്ചു.

> "സമരം അവസാനിച്ചപ്പോൾ സർക്കാർ ഒറ്റക്ക് ഒറ്റക്ക് ആളുകളെ ലക്ഷ്യം വയ്ക്കുമോയെന്ന് ആശങ്ക ഉണ്ടായിരുന്നു. ഇപ്പോൾ ആ ആശങ്ക ശരിയാകുകയാണ്. സർക്കാർ ഓരോരുത്തരെയായി വേട്ടയാടുകയാണ്. ദില്ലി പൊലീസ് പ്രത്യേകിച്ച് സമരക്കാരെ ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്" എന്ന് സിജെപി വക്താക്കൾ പറഞ്ഞു.

വ്യവസ്ഥകൾ തുടർന്നും ലംഘിക്കപ്പെട്ടാൽ വീണ്ടും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

> പൊലീസ് ക്രൂരതകൾ രേഖപ്പെടുത്തുന്നതിനും നിയമസഹായം ഉറപ്പാക്കുന്നതിനുമായി 'സാക്ഷി' എന്ന പേരിൽ ഒരു വെബ്സൈറ്റ് സിജെപി ആരംഭിച്ചു."സിജെപി ഓരോ പ്രതിഷേധക്കാരനും ആവശ്യമായ സഹായം ഉറപ്പാക്കുന്നുണ്ട്.

> രാജ്യത്തുടനീളം സമരവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമം, പരാതികൾ, നിയമസഹായം എന്നിവയെല്ലാം ഈ വെബ്സൈറ്റിൽ പങ്കുവയ്ക്കാം" എന്ന് സംഘടന അറിയിച്ചു. വീഡിയോ, ചിത്രങ്ങൾ, ടെക്സ്റ്റ് എന്നിവ ഈ പോർട്ടലിൽ അപ്ലോഡ് ചെയ്യാവുന്നതാണ്.

നിയമസഹായം നൽകാൻ താൽപ്പര്യമുള്ളവർക്കും ഇതിൽ അംഗമാകാം. എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും.

ചില സംസ്ഥാനങ്ങളിൽ കടുത്ത പൊലീസ് അതിക്രമം നടക്കുന്നുണ്ടെന്ന് സിജെപി ചൂണ്ടിക്കാട്ടി.അസമിൽ അറസ്റ്റിലായവർക്കെല്ലാം നിയമസഹായം നൽകി വരികയാണ്. അവിടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു അഭിഭാഷകനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു.

മുസ്ലീം വിഭാഗത്തിൽ നിന്നുള്ള 10 പേരെ അറസ്റ്റ് ചെയ്തതായും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് കേസുകൾ എടുക്കുന്നതെന്നും സിജെപി ആരോപിച്ചു. ബീഹാറിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്നയിൽ കൊലപാതക ശ്രമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374981/neet-protest-police-crackdown-cjp-sakshi-portal)