---
title: "'വാരിയെല്ല് പൊട്ടുന്നത് വരെ മർദ്ദിച്ചു, ഉള്ള് പഴുത്ത് ​​ഗുരുതരാവസ്ഥായിലായിരുന്നു; സിയാദിന്റെ മരണത്തിൽ  ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകും' - മേഴ്സിക്കുട്ടിയമ്മ"
english_title: "J Mercykutty Amma Warns Protest Over Kundara Custodial Death, Seeks Compensation For Family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374976/kundara-custodial-death-j-mercykutty-amma-protest-demand"
published_at: "2026-07-27T17:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a674ea3545b0_kundara-custodial-death-j-mercykutty-amma-protest-demand.jpg"
keywords: ["Kundara Custodial Death Allegation", "Siyad Death", "J Mercykutty Amma", "Ramesh Chennithala", "Kerala Police", "Kollam News"]
---

# 'വാരിയെല്ല് പൊട്ടുന്നത് വരെ മർദ്ദിച്ചു, ഉള്ള് പഴുത്ത് ​​ഗുരുതരാവസ്ഥായിലായിരുന്നു; സിയാദിന്റെ മരണത്തിൽ  ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകും' - മേഴ്സിക്കുട്ടിയമ്മ

> **Lead Summary:** കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.

## Article Content

കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.നടപടി വൈകിയാൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

> മരിച്ച സിയാദിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും മുൻമന്ത്രി ആവശ്യപ്പെട്ടു. "മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി. ഉള്ള് പഴുത്ത് ഗുരുതരാവസ്ഥയിലായിരുന്നു. വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്" എന്ന് അവർ ചൂണ്ടിക്കാട്ടി.

> കേരളത്തിലെ പൊലീസുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി. അതിനാൽ സ്റ്റേഷനുകളിൽ ദീർഘകാലമായി സ്ഥിരമായി ജോലി ചെയ്യുന്ന പൊലീസുകാരെ മാറ്റണമെന്നും അവർ പറഞ്ഞു."ഒരിടത്ത് തന്നെ വേരുറച്ചത് കൊണ്ട് ചില പൊലീസുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നുണ്ട്.

> തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കുണ്ടറ സ്റ്റേഷനിലെ പൊലീസ് ഒരു ഉത്സവസ്ഥലത്തെത്തി പെൺകുട്ടികളെയടക്കം മർദിച്ച സംഭവം ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ പൊലീസുകാർ അവർക്ക് തോന്നുന്ന തരത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞാൻ തന്നെ പലപ്പോഴും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുള്ളതാണ്" എന്നും അവർ കൂട്ടിച്ചേർത്തു.

> പൊലീസുകാരോട് വ്യക്തിപരമായി വിദ്വേഷമില്ലെന്നും എന്നാൽ അവർ ജോലി ശരിയായി ചെയ്യണമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. "നാട്ടിലെ പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. പരാതി ലഭിച്ചാൽ അറസ്റ്റ് ചെയ്യാം.

> എന്നാൽ വരുന്ന വഴിക്ക് വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുക എന്നത് എന്തൊരു കഷ്ടമാണ്. ഇത് അതീവ ഗുരുതരമാണ്" എന്ന് അവർ പറഞ്ഞു.

സംഭവം കൃത്യമായി അന്വേഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ജെ. മേഴ്സിക്കുട്ടിയമ്മ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374976/kundara-custodial-death-j-mercykutty-amma-protest-demand)