---
title: "പ്രണയാഭ്യർത്ഥന നിരസിച്ചു; കടലൂരിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് യുവാവ്, നില ഗുരുതരം"
english_title: "Tamil Nadu Cuddalore: Youth Slits Throat Of Plus One Girl After Love Proposal Rejected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374969/cuddalore-tamil-nadu-girl-attack-love-proposal-rejected"
published_at: "2026-07-27T17:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67469cb7f62_cuddalore-tamil-nadu-girl-attack-love-proposal-rejected.jpg"
keywords: ["Cuddalore News", "Girl Attacked News", "Tamil Nadu Crime", "Tamil Nadu Police"]
---

# പ്രണയാഭ്യർത്ഥന നിരസിച്ചു; കടലൂരിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് യുവാവ്, നില ഗുരുതരം

> **Lead Summary:** കടലൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു.

## Article Content

കടലൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു.

തമിഴ്നാട് കടലൂർ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്മൂങ്കിലാടി ഗ്രാമത്തിലാണ് ഞായറാഴ്ച നടുക്കുന്ന സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പ്രതി അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലിക്ക് എത്തിയപ്പോഴാണ് ഇയാൾക്ക് പെൺകുട്ടിയോട് താൽപ്പര്യം തോന്നിയത്.

ഇതിന് മുൻപ് പലതവണ അയ്യപ്പൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഓരോ തവണയും പെൺകുട്ടി അത് നിരസിച്ചിരുന്നു.

സംഭവം നടന്ന ദിവസം പെൺകുട്ടിയുടെ അമ്മ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്ക് പോയിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് ഉറപ്പിച്ച അയ്യപ്പൻ വീട്ടിലെത്തി വീണ്ടും പ്രണയാഭ്യർത്ഥന നടത്തി.

പെൺകുട്ടി വീണ്ടും വിസമ്മതിച്ചതോടെ പ്രകോപിതനായ പ്രതി ഒളിപ്പിച്ചു വച്ചിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം അയ്യപ്പൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഉടൻ ആംബുലൻസ് വിളിച്ചത്.

രക്തത്തിൽ കുളിച്ച നിലയിൽ കണ്ട പെൺകുട്ടിയെ കടലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പെൺകുട്ടിയുടെ നില ഗുരുതരമാണ്.

സംഭവത്തിൽ കടലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതി അയ്യപ്പനെ പിടികൂടാനായി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ബന്ധുക്കളെ ചോദ്യം ചെയ്തും പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വർധിക്കുന്നത് പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374969/cuddalore-tamil-nadu-girl-attack-love-proposal-rejected)