---
title: "കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി"
english_title: "Kundara Custodial Death: Kerala Home Minister Seeks Report From DGP Over Siyad's Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374961/kollam-kundara-custodial-death-siyad-home-minister-report-dgp"
published_at: "2026-07-27T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a674071412d8_kollam-kundara-custodial-death-siyad-home-minister-report-dgp.jpg"
keywords: ["Kundara Custodial Death Allegation", "Siyad Death", "Ramesh Chennithala", "Kollam Police", "Kollam News"]
---

# കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

> **Lead Summary:** തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

## Article Content

തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് നിർദേശം. വിദ്യാർഥിയെ കാണാതായ കേസിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് എന്ന യുവാവാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം.

ജൂൺ 16നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 13കാരനായ വിദ്യാർഥിയെ കാണാതായെന്ന പരാതിയിലായിരുന്നു നടപടി.

വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം തന്നെ സിയാദിനെ വിട്ടയച്ചു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.

കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് സിയാദ് മരിച്ചത്.

പൊലീസ് മർദ്ദനത്തിൽ വാരിയെല്ലിന് പരിക്കേറ്റതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. സിയാദിന്റെ മകളും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നതും ആരോപണങ്ങൾക്ക് ശക്തി പകർന്നു.

സിയാദിന് നേരത്തെ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലും പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374961/kollam-kundara-custodial-death-siyad-home-minister-report-dgp)