---
title: "സഞ്ജുവിന് ഒരു നീതി, അഭിഷേകിന് മറ്റൊരു നീതി'; ഇന്ത്യൻ ടീം സെലക്ഷനിലെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്"
english_title: "Srikkanth Slams Selectors For Dropping Sanju Samson, Backing Abhishek Sharma"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374956/srikkanth-criticizes-selectors-sanju-samson-abhishek-sharma"
published_at: "2026-07-27T16:41:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673ec531573_srikkanth-criticizes-selectors-sanju-samson-abhishek-sharma.jpg"
keywords: ["Sanju Samson", "Abhishek Sharma", "Kris Srikkanth", "Indian Cricket Team", "T20 World Cup", "Team Selection", "BCCI"]
---

# സഞ്ജുവിന് ഒരു നീതി, അഭിഷേകിന് മറ്റൊരു നീതി'; ഇന്ത്യൻ ടീം സെലക്ഷനിലെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്

> **Lead Summary:** ചെന്നൈ: **[**തുടർച്ചയായി നിരാശപ്പെടുത്തുന്ന അഭിഷേക് ശർമയ്ക്ക് നീണ്ട പിന്തുണ നൽകുകയും, വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ ലോകകപ്പ് ഹീറോയായ സഞ്ജു സാംസണെ ഒഴിവാക്കുകയും ചെയ്യുന്ന ടീം മാനേജ്‌മെന്റ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്.

## Article Content

ചെന്നൈ: **[**തുടർച്ചയായി നിരാശപ്പെടുത്തുന്ന അഭിഷേക് ശർമയ്ക്ക് നീണ്ട പിന്തുണ നൽകുകയും, വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ ലോകകപ്പ് ഹീറോയായ സഞ്ജു സാംസണെ ഒഴിവാക്കുകയും ചെയ്യുന്ന ടീം മാനേജ്‌മെന്റ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്.

സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 11 റൺസ് മാത്രം നേടിയ അഭിഷേകിന്റെ ഫോം ആശങ്കാജനകമാണെന്നും, താരത്തിനെതിരെ കടുത്ത തീരുമാനമെടുത്ത് സഞ്ജു സാംസണിനെ ഉടൻ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ സഞ്ജു സാംസണായിരുന്നു ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്. എന്നാൽ അയർലൻഡിനെതിരെയുള്ള 2 മത്സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ പേരിൽ സഞ്ജുവിനെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് പൂർണ്ണമായും തഴയുകയായിരുന്നു.

സഞ്ജുവിന് പകരം കൗമാര താരം വൈഭവ് സൂര്യവംശിക്കാണ് സിംബാബ്‌വെയിൽ അവസരം നല്‍കിയത്. വൈഭവ് സിംബാബ്‌വെയില്‍ തിളങ്ങിയതോടെ സഞ്ജുവിന്‍റെ തിരിച്ചുവരവ് ത്രിശങ്കുവിലായി. എന്നാല്‍ മറുവശത്ത് അഭിഷേക് തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ടീം മാനേജ്മെന്‍റ് തയാറായിട്ടില്ല.

ടി20 ലോകകപ്പിലെ ഏറ്റവും മൂല്യമുള്ള താരം സഞ്ജു സാംസണായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവന് അവസരം ലഭിക്കാത്തത്? എന്നാൽ അഭിഷേക് ശർമയ്ക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നു. ഇത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്. അഭിഷേകിന് ഇത്രയും അവസരങ്ങള്‍ കൊടുക്കാമെങ്കിൽ എന്തുകൊണ്ട് സഞ്ജുവിന് നൽകുന്നില്ല?.

എന്തുകൊണ്ടാണ് ഒരു കളിക്കാരന് ഒരു നീതിയും മറ്റൊരാൾക്ക് മറ്റൊരു നീതിയും സീകരിക്കുന്നതെന്ന് ശ്രീകാന്ത് ചോദിച്ചു. സഞ്ജു തിരിച്ചുവരുമെന്ന് തന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും ശ്രീകാന്ത് പറ‍ഞ്ഞു. പക്ഷേ അവൻ റൺസ് കണ്ടെത്താൻ മറ്റൊരു വഴി നോക്കണം.

തുടക്കത്തിലെ കുറച്ച് പന്തുകളിൽ ശാന്തനായി നിലയുറപ്പിക്കാൻ ശ്രമിക്കണം. ആദ്യഘട്ടത്തിൽ 100 സട്രൈക്ക് റേറ്റിൽ കളിച്ച് പിന്നീട് അത് 200 ലേക്ക് ഉയർത്താൻ സഞ്ജുവിന് എളുപ്പത്തിൽ കഴിയും. അല്ലാതെ ആദ്യമേ വിക്കറ്റ് വലിച്ചെറിയരുതെന്നും ശ്രീകാന്ത് ഉപദേശിച്ചു.

സിംബാബ്‌വെ പരമ്പരയിൽ 3.66 ശരാശരിയിലും 55.00 സട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത അഭിഷേക് ശർമ്മയെ എതിരാളികൾ കൃത്യമായി പഠിച്ചുകഴിഞ്ഞുവെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ്മയുടെ തന്ത്രങ്ങളും ബലഹീനതകളും എതിരാളികൾ മനസ്സിലാക്കിക്കഴിഞ്ഞു.

ലോകകപ്പ് മുതൽ അത് വ്യക്തമാണ്. ഇനി അഭിഷേകിന്റെ കാര്യത്തിൽ സെലക്ടർമാർ കടുത്ത തീരുമാനമെടുക്കേണ്ടതുണ്ട്. സഞ്ജു സാംസണിന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അവൻ 100% ടീമിലേക്ക് തിരിച്ചെത്തും. സെലക്ടർമാർക്ക് ഇനി മറ്റ് വഴികളില്ല- ശ്രീകാന്ത് പറഞ്ഞു.

അയർലൻഡ് പരമ്പരയ്ക്ക് ശേഷം കളിച്ച പത്ത് ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് തവണ മാത്രമാണ് അഭിഷേക് രണ്ടക്കം കടന്നത്. അവസാന അഞ്ച് കളികളിൽ ഉയർന്ന സ്കോർ 16 റൺസ് മാത്രമാണ്. മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെ പുറത്താക്കിയ സെലക്ഷൻ കമ്മിറ്റി, സമാന സാഹചര്യത്തിൽ അഭിഷേകിനോടും കർശന നിലപാട് സ്വീകരിക്കണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374956/srikkanth-criticizes-selectors-sanju-samson-abhishek-sharma)