---
title: "സുപ്രീം കോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ചെയര്‍മാനായ ഗ്രീവന്‍സ് കൗണ്‍സിലിൽ കോം ഇന്‍ഡ്യ പ്രതിനിധിയായി ട്രൂവിഷൻ ചീഫ് എഡിറ്റർ കെ.കെ ശ്രീജിത്ത് "
english_title: "Justice Cyriac Joseph Heads New IDPCGC, KK Sreejith Named COM India Representative"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374943/justice-cyriac-joseph-idpcgc-com-india-grievance-council-"
published_at: "2026-07-27T15:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67365503fd6_justice-cyriac-joseph-idpcgc-com-india-grievance-council.jpg"
keywords: ["COM India", "IDPCGC", "Cyriac Joseph", "KK Sreejith", "Digital Media", "Grievance Council", "IT Act", "Kerala Media"]
---

# സുപ്രീം കോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ചെയര്‍മാനായ ഗ്രീവന്‍സ് കൗണ്‍സിലിൽ കോം ഇന്‍ഡ്യ പ്രതിനിധിയായി ട്രൂവിഷൻ ചീഫ് എഡിറ്റർ കെ.കെ ശ്രീജിത്ത് 

> **Lead Summary:** **കൊച്ചി : ** സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ചെയര്‍മാനായ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിൽ ( ഐ.ഡി.പി.സി.ജി.സി) കോം ഇന്‍ഡ്യ പ്രതിനിധിയായി ട്രൂവിഷൻ ചീഫ് എഡിറ്റർ കെ.കെ ശ്രീജിത്തിനെയും നമനിദ്ദേശം ചെയ്തു.

## Article Content

**കൊച്ചി : ** സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ചെയര്‍മാനായ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിൽ ( ഐ.ഡി.പി.സി.ജി.സി) കോം ഇന്‍ഡ്യ പ്രതിനിധിയായി ട്രൂവിഷൻ ചീഫ് എഡിറ്റർ കെ.കെ ശ്രീജിത്തിനെയും നമനിദ്ദേശം ചെയ്തു.

സുപ്രീംകോടതി മുൻ ജസ്റ്റീസും, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാനും, കേരള ലോകായുക്തയുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ് മുൻ അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി ഐഎഫ്എസ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക എഡിറ്ററും കൂടിയായ ജോർജ് കള്ളിവയലിൽ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പുതിയ സമിതി.

പുതുക്കിയ ഗ്രീവന്‍സ് കൗണ്‍സില്‍ അംഗങ്ങളുടെ പട്ടിക കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കൈമാറിയതായി കോം ഇന്ത്യ പ്രസിഡന്‍റ് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ മീഡിയ മാനേജ്മെന്‍റ് അസോസിയേഷനായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ - ഇന്ത്യ ( കോം ഇന്ത്യ )യുടെ ഗ്രീവന്‍സ് ബോഡിയായ ഐ.ഡി.പി.സി.ജി.സിയാണ് ( ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ) പുനസംഘടിപ്പിച്ചത്.

ഏഴാംഗ ഗ്രീവന്‍സ് കൗൺസിലിൽ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡഡന്‍റുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍, ജനറൽ സെക്രട്ടറി മലയാളി വാർത്ത എഡിറ്റർ സോയിമോന്‍ മാത്യു, ട്രഷര്‍ ട്രൂവിഷൻ ന്യൂസ് മാനേജിംഗ് എഡിറ്റർ കെ കെ ശ്രീജിത് എന്നിവരെയും ഉൾപ്പെടുത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് അധ്യക്ഷനായിരുന്ന കൗണ്‍സിലിന്‍റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കൗണ്‍സിലിനെ തെരെഞ്ഞെടുത്തത്.

ജൂലൈ 7 നു കൊച്ചിയില്‍ ചേര്‍ന്ന കോം ഇന്ത്യ ജനറല്‍ കൗണ്‍സിലില്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയും 18 നു ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു. രണ്ട് വര്‍ഷമാണ് പുതിയ കൌണ്‍സിലിന്‍റെ കാലാവധി.  2021 ല്‍ രൂപീകരിച്ച ഡോ. കെ കെ എന്‍ കുറുപ്പ് അദ്ധ്യക്ഷനായിരുന്ന ആദ്യ ഗ്രീവന്‍സ് കൌണ്‍സില്‍ സമിതി രണ്ട് കാലാവധികള്‍ പൂര്‍ത്തിയാക്കിയാണ് ചുമതല ഒഴിയുന്നത്.

2021 ലെ ഐ ടി ആക്ടിലെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയത്തിന്‍റെ ഉത്തരവിന്‍ പ്രകാരമാണ് കോം ഇന്ത്യ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിന് രൂപം നൽകിയത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐ ടി ആക്ട് പാസാക്കുകയും 'ഇന്‍റര്‍മീഡിയറി ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്' പ്രകാരം ഗ്രീവന്‍സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകുകയും ചെയ്ത ശേഷം രാജ്യത്തു രണ്ടാമതും കേരളത്തില്‍ ആദ്യവുമായി രൂപം കൊണ്ട ഗ്രീവന്‍സ് കൗണ്‍സില്‍ കോം ഇന്ത്യയുടെ 'ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374943/justice-cyriac-joseph-idpcgc-com-india-grievance-council-)