---
title: "അക്കൗണ്ട് പൂട്ടിയത് എന്തിന്? ഇൻസ്റ്റഗ്രാമിൽ കൊടുങ്കാറ്റ് തീർത്ത ജന്തർമന്തർ റീലുകൾ; വൈറൽ താരം അഭിനവ് ബിഷ്ടിന്റെ അക്കൗണ്ട് കാണാനില്ല "
english_title: "Jantar Mantar Protest Creator Abhinav Bisht's Instagram Account Disappears After Viral Reels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374938/jantar-mantar-creator-abhinav-bisht-instagram-account-missing"
published_at: "2026-07-27T15:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a672d7f66142_jantar-mantar-creator-abhinav-bisht-instagram-account-missing.jpg"
keywords: ["Abhinav Bisht", "Jantar Mantar", "Instagram", "CJP Protest", "Meta", "Viral Reels", "Content Creator", "National Crush"]
---

# അക്കൗണ്ട് പൂട്ടിയത് എന്തിന്? ഇൻസ്റ്റഗ്രാമിൽ കൊടുങ്കാറ്റ് തീർത്ത ജന്തർമന്തർ റീലുകൾ; വൈറൽ താരം അഭിനവ് ബിഷ്ടിന്റെ അക്കൗണ്ട് കാണാനില്ല 

> **Lead Summary:** > **ന്യൂഡൽഹി: **ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭം ലക്ഷക്കണക്കിന് ആളുകളിലെത്തിച്ച യുവ കണ്ടന്റ് ക്രിയേറ്റർ അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി.അധിക്ഷേപമോ വിദ്വേഷ പരാമർശങ്ങളോ ഇല്ലാതെ സമരവേദിയിലെ ജനപങ്കാളിത്തവും യുവാക്കളുടെ ആവേശവും പകർത്തിയതായിരുന്നു അഭിനവിന്റെ വീഡിയോകൾ. @issac1rl എന്ന അക്കൗണ്ട് ഇപ്പോൾ തുറക്കുമ്പോൾ "പേജ് ലഭ്യമല്ല" എന്ന സന്ദേശമാണ് കാണുന്നത്.

## Article Content

> **ന്യൂഡൽഹി: **ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭം ലക്ഷക്കണക്കിന് ആളുകളിലെത്തിച്ച യുവ കണ്ടന്റ് ക്രിയേറ്റർ അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി.അധിക്ഷേപമോ വിദ്വേഷ പരാമർശങ്ങളോ ഇല്ലാതെ സമരവേദിയിലെ ജനപങ്കാളിത്തവും യുവാക്കളുടെ ആവേശവും പകർത്തിയതായിരുന്നു അഭിനവിന്റെ വീഡിയോകൾ. @issac1rl എന്ന അക്കൗണ്ട് ഇപ്പോൾ തുറക്കുമ്പോൾ "പേജ് ലഭ്യമല്ല" എന്ന സന്ദേശമാണ് കാണുന്നത്.

സമരത്തിനുമുമ്പ് 5000 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന അക്കൗണ്ടാണ് ജന്തർ മന്തർ റീലുകൾ വൈറലായതോടെ 5.7 ലക്ഷത്തിലധികമായി വളർന്നത്. ‘മേരെ മെഹ്ബൂബ് ഖയാമത് ഹോഗി’ എന്ന ഗാനത്തിനൊപ്പമുള്ള റീൽ മാത്രം 15 കോടിയിലധികം കാഴ്ചകൾ നേടി. ഇതോടെ ‘നാഷണൽ ക്രഷ്’ എന്ന പേരിൽ അഭിനവിനെ ആഘോഷിച്ചുള്ള പോസ്റ്റുകളും നിറഞ്ഞു.

സിജെപി പ്രക്ഷോഭ വീഡിയോകൾക്ക് ഇൻസ്റ്റഗ്രാം നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന പരാതികൾ ഉയർന്ന സമയത്തായിരുന്നു അക്കൗണ്ട് അപ്രത്യക്ഷമായത്. നിരവധി പ്രതിഷേധ വീഡിയോകൾ ‘സെൻസിറ്റീവ് കണ്ടന്റ്’ എന്ന മുന്നറിയിപ്പോടെ മറച്ചുവെച്ചതായും വ്യാപ്തി കുറഞ്ഞതായും ഉപയോക്താക്കളും ക്രിയേറ്റർമാരും പരാതിപ്പെട്ടിരുന്നു.

ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ മെറ്റയ്ക്ക് കത്തയച്ചിരുന്നു. നീണ്ട പ്രസംഗങ്ങളോ കടുത്ത മുദ്രാവാക്യങ്ങളോ അല്ലായിരുന്നു അഭിനവിന്റെ രീതി. വൈറൽ റീൽ ട്രെൻഡുകൾ സമരവേദിയിൽ പുനരാവിഷ്കരിച്ചാണ് ജെൻ സി തലമുറയുടെ നർമത്തോടെ അദ്ദേഹം പ്രക്ഷോഭം അവതരിപ്പിച്ചത്. ഇത് കൂടുതൽ യുവാക്കളെ സമരത്തിലേക്ക് ആകർഷിച്ചു.

സിജെപിയുടെ ഔദ്യോഗിക അക്കൗണ്ടും വക്താവിന്റെ വാട്സാപ്പും നേരത്തേ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഓട്ടോമേറ്റഡ് മോഡറേഷൻ പിഴവ് ആണെന്ന് പിന്നീട് മെറ്റ വിശദീകരിച്ചു.അഭിനവിന്റെ അക്കൗണ്ട് കാണാതായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമരവാർത്തകളുടെ വ്യാപ്തി നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374938/jantar-mantar-creator-abhinav-bisht-instagram-account-missing)