---
title: "'സാറിനോട് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, എന്നിട്ടും ഇടിച്ചില്ലേ, കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, സംഭവത്തില്‍ പൊലീസും മകളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് "
english_title: "Kundara Custodial Death: Phone Call of SIyad's Daughter Accusing Police Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374929/kollam-kundara-custodial-death-siyad-daughter-phone-call-police"
published_at: "2026-07-27T15:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6729e9d4b68_kollam-kundara-custodial-death-siyad-daughter-phone-call-police.jpg"
keywords: ["Kundara Custodial Death Allegation", "Siyad Death", "Kollam Police", "Kerala Police"]
---

# 'സാറിനോട് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, എന്നിട്ടും ഇടിച്ചില്ലേ, കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, സംഭവത്തില്‍ പൊലീസും മകളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് 

> **Lead Summary:** കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു. സംഭവത്തിൽ നിർണായക ശബ്ദസന്ദേശം പുറത്തുവന്നു. മരിച്ച സിയാദിന്റെ മകളും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

## Article Content

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു. സംഭവത്തിൽ നിർണായക ശബ്ദസന്ദേശം പുറത്തുവന്നു. മരിച്ച സിയാദിന്റെ മകളും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

യുവാവിനെ പൊലീസ് മർദ്ദിച്ചതായാണ് കുടുംബം ആദ്യം മുതൽ ആരോപിക്കുന്നത്. ഈ ആരോപണം ശക്തമാക്കുന്നതാണ് പുറത്തുവന്ന സംഭാഷണം.

> ഒരു മിനിറ്റോളം ദൈർഘ്യമുള്ള ശബ്ദ സന്ദേശത്തിൽ വൈകാരികമായി സംസാരിക്കുന്നത് സിയാദിന്റെ മകളാണ്. "സാറന്മാരോട് എല്ലാവരോടും ഞാൻ അന്ന് പറഞ്ഞതല്ലേ എന്റെ പപ്പ സുഖമില്ലാത്തയാളാണെന്ന്. സാർ മർദ്ദിച്ചുവെന്ന് അന്ന് തന്നെ പപ്പ ഞങ്ങളോട് പറഞ്ഞിരുന്നു.

> സാറാണ് ഇടിച്ചതെന്ന് പപ്പ പറഞ്ഞു. ഇപ്പോ എന്റെ പപ്പ പോയി. ഇതിനെല്ലാം തെളിവുണ്ട് സാറെ" എന്നാണ് പെൺകുട്ടി ഉദ്യോഗസ്ഥനോട് ചോദിക്കുന്നത്.

> "ആശുപത്രിയിൽ പോയപ്പോൾ ആരാണ് ഇങ്ങനെ മർദ്ദിച്ചതെന്ന് ഡോക്ടർ ചോദിച്ചു. നട്ടെല്ല് നിറയെ പഴുപ്പ് ആയിരുന്നു. ആശുപത്രിയിൽ കിടക്കുകയായിരുന്നു ഇത്രയും നാൾ. ഇന്ന് എന്റെ പപ്പ പോയി. നൂറുവട്ടം ഞാൻ സാറിനോട് പറഞ്ഞതല്ലേ വയ്യാത്ത ആളാണെന്ന്" മകൾ കരഞ്ഞുകൊണ്ട് പറയുന്നതും സംഭാഷണത്തിലുണ്ട്.

ജൂൺ 16ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് സിയാദിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ അയൽവാസിയായ സിയാദിനെയാണ് കസ്റ്റഡിയിൽ എടുത്തത്.

സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പെരുമ്പുഴ എന്ന സ്ഥലത്ത് ജീപ്പ് നിർത്തി കുട്ടിയെവിടെയെന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പ്രധാന ആരോപണം. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ. അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374929/kollam-kundara-custodial-death-siyad-daughter-phone-call-police)