---
title: "അപ്രതീക്ഷിത ഇടങ്ങളിലേക്ക്...!  ഡിവൈ.എസ്.പി കൂട്ട സ്ഥലംമാറ്റം ഉത്തരവായി: മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥന് കാസർകോട്ടേക്ക് മാറ്റം"
english_title: "Kerala Government Transfers 161 DySPs, Officers Linked to Rahul Mamkootathil and Shiyas Cases Moved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374905/kerala-govt-transfers-161-dysp-rahul-mamkootathil-shiyas-case-officers"
published_at: "2026-07-27T13:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6714229324b_kerala-govt-transfers-161-dysp-rahul-mamkootathil-shiyas-case-officers.jpg"
keywords: ["Kerala DySP Transfer", "Ramesh Chennithala", "Kerala Police", "Kerala Government"]
---

# അപ്രതീക്ഷിത ഇടങ്ങളിലേക്ക്...!  ഡിവൈ.എസ്.പി കൂട്ട സ്ഥലംമാറ്റം ഉത്തരവായി: മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥന് കാസർകോട്ടേക്ക് മാറ്റം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റി സംസ്ഥാന സർക്കാർ ഉത്തരവായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മറ്റു ജില്ലകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നതിന്റെ ഭാഗമാണെന്നാണ് സർക്കാർ വിശദീകരണം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റി സംസ്ഥാന സർക്കാർ ഉത്തരവായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മറ്റു ജില്ലകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നതിന്റെ ഭാഗമാണെന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ, രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ ഇടപെട്ട ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചതോടെ നടപടിയിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

പാലക്കാട് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി. എൻ. മുരളീധരനെ കണ്ണൂർ, കാസർകോട് മേഖലയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് മാറ്റി.

തൃശ്ശൂർ കുന്ദംകുളത്തുനിന്നാണ് അദ്ദേഹത്തെ കാസർകോട് ഇ.ഒ.ഡബ്ല്യു.വിലേക്ക് സ്ഥലംമാറ്റിയത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഒരു ഹോട്ടലിൽനിന്ന് അർധരാത്രി അറസ്റ്റ് ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് നേരത്തെ പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് മാറ്റിയത്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടി വധശിക്ഷ വാങ്ങിക്കൊടുത്ത ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥൻ കൂടിയാണ് മുരളീധരൻ.

കൊച്ചിയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എ.യുമായി പരസ്യമായി ഏറ്റുമുട്ടിയ എ.ജെ. തോമസ് ഡിവൈഎസ്പിക്കും അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ചിലായിരുന്ന ഇദ്ദേഹത്തെ തിരിച്ച് എറണാകുളത്തേക്ക് നിയമിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ പകരം പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കോതമംഗലത്തെ പ്രക്ഷോഭത്തിനിടെ ഷിയാസിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.

> സ്ഥലംമാറ്റത്തിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. "എല്ലാ ഉദ്യോഗസ്ഥരുടേയും ജാതകം നോക്കാൻ തനിക്ക് കഴിയില്ല" എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മിക്ക ഉദ്യോഗസ്ഥർക്കും സ്വന്തം ജില്ലകൾതന്നെ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയിലൂടെ പ്രശസ്തനായ ചലച്ചിത്രതാരം കൂടിയായ ഡിവൈഎസ്പി സിബി തോമസിനെ കാസർകോട്ടുനിന്ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുള്ള വൻ അഴിച്ചുപണിയുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374905/kerala-govt-transfers-161-dysp-rahul-mamkootathil-shiyas-case-officers)