---
title: "‘പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ’; ജന്തർ മന്തർ സമരത്തെ അധിക്ഷേപിച്ച് ടി.ജി. മോഹൻദാസ്, വ്യാപക പ്രതിഷേധം"
english_title: "TG Mohandas Remarks Jantar Mantar Protest Students Row RSS Leader Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374894/tg-mohandas-remarks-jantar-mantar-protest-students-row-rss-leader-controversy"
published_at: "2026-07-27T13:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a670bda742f1_tg-mohandas-remarks-jantar-mantar-protest-students-row-rss-leader-controversy.jpg"
keywords: ["NEET Protest", "TG Mohandas", "Jantar Mantar", "Student Protest", "RSS", "Controversy", "Women Insult"]
---

# ‘പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ’; ജന്തർ മന്തർ സമരത്തെ അധിക്ഷേപിച്ച് ടി.ജി. മോഹൻദാസ്, വ്യാപക പ്രതിഷേധം

> **Lead Summary:** **കോഴിക്കോട്: **രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തെ അധിക്ഷേപിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധം. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിലായിരുന്നു മോഹൻദാസിന്റെ വാക്കുകൾ.

## Article Content

**കോഴിക്കോട്: **രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തെ അധിക്ഷേപിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധം. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിലായിരുന്നു മോഹൻദാസിന്റെ വാക്കുകൾ.

> "ബലാത്സംഗം ഇഷ്ടപ്പെടുന്നവർ" എന്ന പരാമർശമാണ് വലിയ ജനരോഷത്തിന് കാരണമായത്.‘പത്രിക’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉണ്ടായത്. ജന്തർമന്തറിലെ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിക്കണമെന്നും സമരക്കാരെ വെടിവെച്ച് കൊല്ലണമെന്നും ശേഷം ശവങ്ങൾ പെറുക്കി മാറ്റണമെന്നും മോഹൻദാസ് പറഞ്ഞു. വിദ്യാർഥി സമരത്തെ തീവ്രവാദവുമായി താരതമ്യം ചെയ്തും മോഹൻദാസ് വിമർശിച്ചു.

> "എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേർ മരിക്കും, കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും എന്ന് ടി.ജി. മോഹൻദാസ് പറഞ്ഞു.

നരേന്ദ്ര മോദി ഗുജറാത്ത് കലാപം അടിച്ചമർത്തിയത് പോലെ ഇത്തരം സമരങ്ങളെ നേരിടണമെന്നും അദ്ദേഹം ന്യായീകരിച്ചു. ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെ വിദ്വേഷ പരമാർശം നടത്തിയ ടി.ജി. മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്നും വിവിധ വിദ്യാർഥി സംഘടനകളും വനിതാ സംഘടനകളും കുറ്റപ്പെടുത്തി.സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. സമരക്കാരുടെ ആവശ്യങ്ങൾ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് നിലപാടാണ് മോഹൻദാസ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു.

ജന്തർ മന്തറിൽ നടന്നത് വിദ്യാഭ്യാസ, തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സമാധാനപരമായ സമരമായിരുന്നു. അത്തരമൊരു സമരത്തിനെതിരെ വെടിവെപ്പും കൊലയും ആവശ്യപ്പെടുന്ന പ്രസ്താവന അപകടകരമാണെന്നാണ് സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം. വിഷയത്തിൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374894/tg-mohandas-remarks-jantar-mantar-protest-students-row-rss-leader-controversy)