---
title: "കോഴിക്കോട് സിറ്റി കമ്മീഷണറുടെ ചിത്രം ഉപയോഗിച്ച് വിദേശ ജോലി വാഗ്ദാനം; ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് 1.22 ലക്ഷം തട്ടിയ പ്രതി പിടിയിൽ"
english_title: "Kozhikode Fake UAE Police Job Scam Ayoob Arrested Commissioner Photo WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374879/kozhikode-fake-uae-police-job-scam-ayoob-arrested-commissioner-photo"
published_at: "2026-07-27T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6704dbba611_kozhikode-fake-uae-police-job-scam-ayoob-arrested-commissioner-photo.jpg"
keywords: ["Job Scam", "UAE Police", "Kozhikode City Police Commissioner", "Ayoob", "WhatsApp Fraud"]
---

# കോഴിക്കോട് സിറ്റി കമ്മീഷണറുടെ ചിത്രം ഉപയോഗിച്ച് വിദേശ ജോലി വാഗ്ദാനം; ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് 1.22 ലക്ഷം തട്ടിയ പ്രതി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തൽ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലിയുടെ ചിത്രം ഉപയോഗിച്ചാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി അയൂബ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇരയാക്കപ്പെടുന്നവരുടെ വിശ്വാസം നേടാനായി കമ്മീഷണറുടെ ചിത്രം വാട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കുകയായിരുന്നു പ്രതി.

## Article Content

**കോഴിക്കോട്: **യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തൽ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലിയുടെ ചിത്രം ഉപയോഗിച്ചാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി അയൂബ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇരയാക്കപ്പെടുന്നവരുടെ വിശ്വാസം നേടാനായി കമ്മീഷണറുടെ ചിത്രം വാട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കുകയായിരുന്നു പ്രതി.

ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം അയൂബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.പരാതിക്കാരനുമായി മെയ് മുതൽ ജൂലൈ വരെ രണ്ടുമാസത്തോളം വാട്‌സ്ആപ്പ് വഴി സംസാരിച്ചാണ് പ്രതി വിശ്വാസ്യത നേടിയത്. പിന്നീട് സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ ഓഫർ ലെറ്ററും യുഎഇ സർക്കാർ നൽകിയതാണെന്ന വ്യാജേന വർക്ക് പെർമിറ്റും വിമാന ടിക്കറ്റും വാട്‌സ്ആപ്പ് വഴി അയച്ചു നൽകി.

വിസയ്ക്കും മറ്റ് നടപടിക്രമങ്ങൾക്കുമെന്ന പേരിലാണ് 1,22,600 രൂപ പരാതിക്കാരനിൽ നിന്ന് കൈക്കലാക്കിയത്.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ മാധ്യമങ്ങളിലൂടെ പരിചയമുണ്ടായിരുന്നതാണ് പരാതിക്കാരന് സംശയം തോന്നാൻ കാരണം. തുടർന്ന് അദ്ദേഹം നേരിട്ട് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് വിവരം നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. ആദ്യം ഒരു തയ്യൽക്കാരനാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് അയാളിൽ നിന്നും പണം തട്ടിയത്.

പണം വാങ്ങുന്ന സമയത്ത് വാട്‌സ്ആപ്പ് പ്രൊഫൈലിൽ കോഴിക്കോട് സിറ്റി കമ്മീഷണറുടെ ചിത്രമായിരുന്നു. ആദ്യം ഇത് തിരിച്ചറിഞ്ഞില്ലെങ്കിലും അയൽവാസിയുമായുള്ള സംസാരത്തിനിടെ ചിത്രം കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. സമാന രീതിയിൽ കൂടുതൽ പേരെ പ്രതി ചതിച്ചതായാണ് പൊലീസിന് വിവരം. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374879/kozhikode-fake-uae-police-job-scam-ayoob-arrested-commissioner-photo)