---
title: "സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ"
english_title: "Justice Cyriac Joseph Named Chairman of COM India Digital Media Grievance Council"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374841/justice-cyriac-joseph-com-india-grievance-council-chairman-new-"
published_at: "2026-07-27T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f2a0c5a59_justice-cyriac-joseph-com-india-grievance-council-chairman.jpg"
keywords: ["Cyriac Joseph", "COM India", "Grievance Council", "Digital Media", "IDPCGC", "Venu Rajamony", "George Onakkoor", "George Kallivayalil", "Kerala Media", "IT Rules 2021"]
---

# സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ

> **Lead Summary:** **കൊച്ചി: ** ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ - ഐ.ഡി.പി.സി.ജി.സി - പുനഃസംഘടിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ - ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കൗൺസിലിന്റെ പുതിയ ചെയർമാനായി സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫിനെ തിരഞ്ഞെടുത്തു.

## Article Content

**കൊച്ചി: ** ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ - ഐ.ഡി.പി.സി.ജി.സി - പുനഃസംഘടിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ - ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കൗൺസിലിന്റെ പുതിയ ചെയർമാനായി സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫിനെ തിരഞ്ഞെടുത്തു.

സുപ്രീംകോടതി ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ, കേരള ലോകായുക്ത എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലാണ് പുതിയ ഏഴംഗ കൗൺസിൽ പ്രവർത്തിക്കുക.

രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ്സിലെ മുൻ അംബാസഡറുമായ ഡോ. വേണു രാജാമണി ഐ.എഫ്.എസ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, ഡൽഹി ആസ്ഥാനമായുള്ള മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക പത്രം എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എന്നിവരാണ് കൗൺസിലിലെ മറ്റ് പ്രമുഖ അംഗങ്ങൾ.

കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡന്റും സത്യം ഓൺലൈൻ എഡിറ്ററുമായ വിൻസെന്റ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു, ട്രഷറർ ട്രൂവിഷൻ ന്യൂസ് മാനേജിംഗ് എഡിറ്റർ കെ. കെ. ശ്രീജിത്ത് എന്നിവരെയും കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ അംഗങ്ങളുടെ പട്ടിക കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായി വിൻസെന്റ് നെല്ലിക്കുന്നേൽ അറിയിച്ചു.

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. കെ. എൻ. കുറുപ്പ് അധ്യക്ഷനായിരുന്ന മുൻ കൗൺസിലിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ സമിതി രൂപീകരിച്ചത്. ജൂലൈ 7-ന് കൊച്ചിയിൽ ചേർന്ന കോം ഇന്ത്യ ജനറൽ കൗൺസിലും 18-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും പുതിയ പേരുകൾക്ക് അംഗീകാരം നൽകി. പുതിയ കൗൺസിലിന്റെ കാലാവധി രണ്ട് വർഷമാണ്.

2021-ലെ ഐ.ടി. നിയമത്തിലെ മാനദണ്ഡങ്ങൾ പ്രകാരം കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ രൂപീകരിച്ചത്. ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് പ്രകാരം രാജ്യത്ത് രണ്ടാമതും കേരളത്തിൽ ആദ്യമായും അംഗീകാരം ലഭിച്ച ഗ്രീവൻസ് ബോഡിയാണ് ഇത്.

മാതൃകാപരമായ പ്രവർത്തനത്തിന് അന്ന് ദേശീയ തലത്തിൽ പ്രശംസയും ലഭിച്ചിരുന്നു. പരമ്പരാഗത പത്ര-ചാനൽ കൗൺസിലുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് ഒരു വർഷം മുമ്പാണ് കോം ഇന്ത്യക്ക് അംഗീകാരം ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374841/justice-cyriac-joseph-com-india-grievance-council-chairman-new-)