---
title: "ഉറവിടം അജ്ഞാതം! കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  "
english_title: "Amoebic Meningoencephalitis Death Reported In Kozhikode: Koyilandy Native Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374824/kozhikode-koyilandy-amoebic-meningoencephalitis-death-biju-"
published_at: "2026-07-27T10:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e2c95719a_kozhikode-koyilandy-amoebic-meningoencephalitis-death-biju.jpg"
keywords: ["Kozhikode", "Amoebic Meningoencephalitis", "Koyilandy", "Kerala Health", "Brain Fever", "Health Alert"]
---

# ഉറവിടം അജ്ഞാതം! കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി ബിജു ആണ് മരിച്ചത്. അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി ബിജു ആണ് മരിച്ചത്. അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ബിജുവിന് ജൂലൈ 23-നാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പൊതുജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്ന ശീലമില്ലാതിരുന്ന വ്യക്തിയാണ് ബിജു. അതിനാൽ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. രോഗബാധയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ക്ലോറിനേഷൻ നടപടികളും ആരോഗ്യവകുപ്പ് പൂർത്തിയാക്കി.

വീടുകളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കണമെന്നും പൊതുജലാശയങ്ങളിൽ ഇറങ്ങരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തണമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണിത്.

*പൊതുജലാശയങ്ങൾ ഒഴിവാക്കുക: കെട്ടിക്കിടക്കുന്ന വെള്ളം, കുളങ്ങൾ, തോടുകൾ, ശുദ്ധമല്ലാത്ത ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളിക്കുകയോ മുങ്ങിപ്പൊങ്ങുകയോ ചെയ്യരുത്.*

*മൂക്കിലൂടെ വെള്ളം കയറാതിരിക്കുക: നീന്തുമ്പോഴോ വെള്ളത്തിൽ കളിക്കുമ്പോഴോ മൂക്കിലൂടെ വെള്ളം കയറാത്ത വിധം നോക്കുക. ആവശ്യമെങ്കിൽ നോസ് ക്ലിപ്പുകൾ ഉപയോഗിക്കാം.*

*കുടിവെള്ള ശുചീകരണം: വീടുകളിലെ കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായി ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കുക.*

*കൃത്യമായ ചികിത്സ തേടുക: പനി, ശക്തമായ തലവേദന, ഛർദ്ദി, കഴുത്തുതിരുമൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374824/kozhikode-koyilandy-amoebic-meningoencephalitis-death-biju-)