---
title: "അടിയെടാ അവനെ..., കണ്ണ് തള്ളുന്ന ക്രൂരത...! വാക്കുതർക്കം അതിരുകടന്നു; വാളകത്ത് സഹപാഠിയെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച് വിദ്യാർത്ഥികൾ, കേസെടുത്ത് പൊലീസ് "
english_title: "Muvattupuzha Valakom School Fight Video: 4 Students Booked For Brutal Assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374819/muvattupuzha-valakom-school-students-assault-video-case-registered-new"
published_at: "2026-07-27T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66de5e50dfe_muvattupuzha-valakom-school-students-assault-video-case-registered-.jpg"
keywords: ["Muvattupuzha", "Valakom School", "Student Fight", "Kerala School", "Bullying", "Police Case"]
---

# അടിയെടാ അവനെ..., കണ്ണ് തള്ളുന്ന ക്രൂരത...! വാക്കുതർക്കം അതിരുകടന്നു; വാളകത്ത് സഹപാഠിയെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച് വിദ്യാർത്ഥികൾ, കേസെടുത്ത് പൊലീസ് 

> **Lead Summary:** **മൂവാറ്റുപുഴ: **വാളകം സ്കൂളിൽ സഹപാഠികൾ തമ്മിൽ സംഘർഷം. സഹപാഠിയെ ഒരു കൂട്ടം കുട്ടികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ വിട്ടതിനുശേഷം ഇടവഴിയിൽ വെച്ച് 4 വിദ്യാർത്ഥികൾ ചേർന്ന് ഒരുകുട്ടിയെ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു.

## Article Content

**മൂവാറ്റുപുഴ: **വാളകം സ്കൂളിൽ സഹപാഠികൾ തമ്മിൽ സംഘർഷം. സഹപാഠിയെ ഒരു കൂട്ടം കുട്ടികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ വിട്ടതിനുശേഷം ഇടവഴിയിൽ വെച്ച് 4 വിദ്യാർത്ഥികൾ ചേർന്ന് ഒരുകുട്ടിയെ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു.

വാക്കുതർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു. കുട്ടിയുടെ മുഖത്ത് അടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സ്കൂൾ മാനേജ്മെന്റ് മർദ്ദിച്ച കുട്ടികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടികൾക്കിടയിലെ ഇത്തരം അക്രമവാസനകളെക്കുറിച്ചും സ്കൂളുകളിലെ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കിടയിലും പൊതുസമൂഹത്തിലും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. സ്കൂൾ പരിസരത്തും പുറത്തും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാര്യം പുറത്തറിഞ്ഞത്.പൊലീസ് കുട്ടികളുടെ മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും തുടർനടപടികൾ സ്വീകരിക്കും.

*സ്കൂളുകളിൽ വിദ്യാർത്ഥികൾ സഹപാഠികളെ മർദ്ദിക്കുകയോ റാഗിംഗ് പോലുള്ള അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ നിയമപരമായും സ്കൂൾ തലത്തിലും കർശനമായ ശിക്ഷാനടപടികളാണ് ഉള്ളത്:*

സ്കൂൾ തല നടപടികൾ: കുറ്റക്കാരായ കുട്ടികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ, സ്ഥിതിഗതികൾ ഗുരുതരമാണെങ്കിൽ ടി.സി  നൽകി പുറത്താക്കുകയോ ചെയ്യാറുണ്ട്.

പോലീസ് കേസുകൾ: പ്രായപൂർത്തിയാകാത്ത കുട്ടികൾ ആണെങ്കിൽ പോലും ഇത്തരം കയ്യേറ്റങ്ങൾക്കും ക്രൂരമായ മർദ്ദനങ്ങൾക്കും എതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്  പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുക്കാറുണ്ട്.

നിയമപരമായ ശിക്ഷകൾ: കോടതികളിൽ വിചാരണ നേരിടേണ്ടി വരികയും ജുവനൈൽ ഹോമുകളിലേക്കുള്ള മാറ്റം അല്ലെങ്കിൽ കൗൺസിലിംഗ്, സാമൂഹിക സേവനം തുടങ്ങിയ തിരുത്തൽ നടപടികൾക്ക് വിധേയമാക്കേണ്ടി വരികയും ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374819/muvattupuzha-valakom-school-students-assault-video-case-registered-new)