---
title: "മകൻ എടുത്ത ലോൺ അടയ്ക്കാൻ വീട്ടുജോലി; 73-കാരിയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകനും മരുമകൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു"
english_title: "Thiruvananthapuram: Case Registered Against Son For Assaulting 73-Year-Old Mother At Attukal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374815/thiruvananthapuram-attukal-son-assaults-mother-saraswathi-case-registered"
published_at: "2026-07-27T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66dc2625254_thiruvananthapuram-attukal-son-assaults-mother-saraswathi-case-registered.jpg"
keywords: ["Thiruvananthapuram", "Elder Abuse", "Fort Police", "Domestic Violence"]
---

# മകൻ എടുത്ത ലോൺ അടയ്ക്കാൻ വീട്ടുജോലി; 73-കാരിയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകനും മരുമകൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

> **Lead Summary:** **തിരുവനന്തപുരം: **ആറ്റുകാൽ മരുതൂർകടവിൽ വൃദ്ധമാതാവിനെ മകൻ മർദ്ദിച്ച സംഭവത്തിൽ ഫോർട്ട് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. 73-കാരി സരസ്വതി അമ്മയാണ് മർദ്ദനത്തിന് ഇരയായത്. മകൻ മധുവും മരുമകൾ ആതിരയുമാണ് അമ്മയെ മർദ്ദിച്ചതെന്നാണ് പരാതി.

## Article Content

**തിരുവനന്തപുരം: **ആറ്റുകാൽ മരുതൂർകടവിൽ വൃദ്ധമാതാവിനെ മകൻ മർദ്ദിച്ച സംഭവത്തിൽ ഫോർട്ട് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. 73-കാരി സരസ്വതി അമ്മയാണ് മർദ്ദനത്തിന് ഇരയായത്. മകൻ മധുവും മരുമകൾ ആതിരയുമാണ് അമ്മയെ മർദ്ദിച്ചതെന്നാണ് പരാതി.

ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടർന്ന് എട്ടോളം സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. ദേഹമാസകലം മുറിവുകളുണ്ട്.  നിലവിൽ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി അമ്മ താമസിക്കുന്നത്. അമ്മയുടെ പേരിലുള്ള വസ്തു വെച്ച് മകൻ മധു 5 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഈ ലോൺ കഴിഞ്ഞ 7 വർഷമായി വീട്ട് ജോലിക്ക്  പോയാണ് സരസ്വതി അടയ്ക്കുന്നത് എന്നും പരാതിയിൽ പറയുന്നു.

അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും ആരോപണമുണ്ട്. സംഭവത്തിൽ മകൻ മധുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കുടുംബ വീട്ടിൽ നിന്ന് ഇയാളെ ഇറക്കുമെന്ന് ഫോർട്ട് പൊലീസ് വ്യക്തമാക്കി. വീട് ഒഴിയണമെന്ന മുന്നറിയിപ്പ് മധു അവഗണിച്ചെന്നും വിവരമുണ്ട്.

പരിക്കേറ്റ സരസ്വതി അമ്മയ്ക്ക് തുടർ ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകി. ചൊവ്വാഴ്ച വീട്ടിലെത്തി പ്രശ്നങ്ങൾ പറയുന്നതിനിടെ മരുമകൾ ആക്രമിച്ചു എന്നാണ് അമ്മയുടെ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374815/thiruvananthapuram-attukal-son-assaults-mother-saraswathi-case-registered)