---
title: "റേഷൻ കാർഡ് അർഹതാ മാനദണ്ഡങ്ങളിൽ മാറ്റം: 1100 ച. അടി വീടും 800 സി.സി കാറും ഉള്ളവർക്കും മുൻഗണന കാർഡിന് സാധ്യത"
english_title: "Kerala Ration Card Relaxation 1100 Sq Ft House 800 CC Car Eligible Priority Ration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374814/kerala-priority-ration-card-relaxation-1100-sqft-800cc"
published_at: "2026-07-27T09:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66df963a183_kerala-priority-ration-card-relaxation-1100-sqft-800cc.jpg"
keywords: ["Latest News", "Kerala Ration Card", "Priority Ration Card", "BPL Card"]
---

# റേഷൻ കാർഡ് അർഹതാ മാനദണ്ഡങ്ങളിൽ മാറ്റം: 1100 ച. അടി വീടും 800 സി.സി കാറും ഉള്ളവർക്കും മുൻഗണന കാർഡിന് സാധ്യത

> **Lead Summary:** **തിരുവനന്തപുരം**:**[**മുൻഗണന റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചന. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി വരെ എൻജിൻ ശേഷിയുള്ള വാഹനങ്ങളുമുള്ള കുടുംബങ്ങൾക്കും മുൻഗണന റേഷൻ കാർഡിന് അർഹത ലഭിച്ചേക്കും.

## Article Content

**തിരുവനന്തപുരം**:**[**മുൻഗണന റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചന. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി വരെ എൻജിൻ ശേഷിയുള്ള വാഹനങ്ങളുമുള്ള കുടുംബങ്ങൾക്കും മുൻഗണന റേഷൻ കാർഡിന് അർഹത ലഭിച്ചേക്കും.

നിലവിൽ 2018-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം 1000 ചതുരശ്ര അടിയാണ് വീടിന്റെ പരിധി. കൂടാതെ, നാലുചക്ര വാഹനങ്ങൾ ഉള്ളവർ മുൻഗണനാ വിഭാഗത്തിന് പുറത്തായിരുന്നു.

എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യത്തിൽ നാലുചക്ര വാഹനം ഒരു ആഡംബരമല്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് 800 സി.സി വരെയുള്ള കാറുകൾക്ക് ഇളവ് നൽകാൻ പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കുന്ന കുടുംബങ്ങൾക്കും ഇത് ആശ്വാസമാകും.

കൂടാതെ, ഒരേക്കറിലധികം ഭൂമിയുള്ളവർക്ക് ഭൂമിയുടെ തരം അനുസരിച്ച് പ്രത്യേക പരിഗണന ലഭിക്കും. ജനങ്ങളിൽ നിന്നുള്ള വ്യാപകമായ ആവശ്യത്തെത്തുടർന്ന് ഭക്ഷ്യമന്ത്രി സിവിൽ സപ്ലൈസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ട് നിലവിൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

മറ്റ് ആനുകൂല്യങ്ങളും മുൻഗണന കാർഡുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ധനവകുപ്പിന്റെ വിശദമായ പരിശോധനയ്ക്കും അനുമതിക്കും ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്ത് ആകെ അനുവദിക്കപ്പെട്ട ബി.പി.എൽ കാർഡുകളിൽ 5,94,209 എണ്ണം അന്ത്യോദയ അന്നയോജനയും 37,73,184 എണ്ണം മുൻഗണന വിഭാഗത്തിലുള്ളതും ആണ്.

സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പുതിയതായി 73,024 മുന്‍ഗണന കാര്‍ഡുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇവർക്ക് അടുത്തമാസം മുതല്‍ സൗജന്യ റേഷന്‍ നല്‍കി തുടങ്ങും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374814/kerala-priority-ration-card-relaxation-1100-sqft-800cc)