---
title: "'മാരകായുധങ്ങളുമായി വന്ന് കൊല്ലുമെന്ന്'; വിശാഖിന് വധഭീഷണിയുണ്ടായിരുന്നതായി അമ്മയുടെ പരാതി; പൊലീസിനെതിരെ ഗുരുതര ആക്ഷേപം"
english_title: "Palakkulangara Murder: Family Alleges Police Inaction Despite Prior Complaint Against Accused Pradeep"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374795/palakkulangara-murder-vishakh-family-alleges-police-inaction"
published_at: "2026-07-27T07:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66c13d71992_palakkulangara-murder-vishakh-family-alleges-police-inaction.jpg"
keywords: ["Palakkulangara Murder", "Thiruvananthapuram Crime", "Vishakh Death", "Vanchiyoor Police"]
---

# 'മാരകായുധങ്ങളുമായി വന്ന് കൊല്ലുമെന്ന്'; വിശാഖിന് വധഭീഷണിയുണ്ടായിരുന്നതായി അമ്മയുടെ പരാതി; പൊലീസിനെതിരെ ഗുരുതര ആക്ഷേപം

> **Lead Summary:** വഞ്ചിയൂർ: പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തി. പ്രതി പ്രദീപിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രധാന ആരോപണം.

## Article Content

വഞ്ചിയൂർ: പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തി. പ്രതി പ്രദീപിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രധാന ആരോപണം.

വിശാഖിനെ അപായപ്പെടുത്താൻ കാപ്പാ കേസ് പ്രതിയായ പ്രദീപ് ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി വിശാഖിന്റെ അമ്മ മാർച്ച് മാസത്തിൽ വഞ്ചിയൂർ പൊലീസിലും തിരുവനന്തപുരം പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

പ്രദീപ് കാപ്പാ കേസിലെ പ്രതിയാണെന്നും മുൻപും ആക്രമണം നടത്തിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

താൻ ഒറ്റയ്ക്ക് കഴിയുമ്പോൾ മാരകായുധങ്ങളുമായി വന്ന് വിശാഖിനെ കൊല്ലുമെന്ന് പ്രദീപ് നേരിട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും വഞ്ചിയൂർ പൊലീസ് അത് അവഗണിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.

പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിശാഖിന്റെ അമ്മ ഏപ്രിലിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജിയും നൽകിയിരുന്നു. എന്നിട്ടും സംരക്ഷണ നടപടികൾ ഉണ്ടായില്ല.

ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായത്. ഇന്നലെ ഉച്ചയ്ക്കാണ് പ്രതിയായ പ്രദീപ് വിശാഖിനെ വെട്ടി കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ പ്രതികളെ ഇന്നലെ വൈകീട്ടോടെ പൊലീസ് പിടികൂടി.അതേസമയം കൊല്ലപ്പെട്ട വിശാഖിനും പ്രതിയായ പ്രദീപിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.ഭീഷണി പരാതികൾക്ക് പൊലീസ് സമയബന്ധിതമായി ഇടപെടാത്തതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം ഉന്നത അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374795/palakkulangara-murder-vishakh-family-alleges-police-inaction)