---
title: "‘ഞാൻ പരാജയപ്പെട്ടു, ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല’: നീറ്റ് പുനഃപരീക്ഷയിൽ‌ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി"
english_title: "NEET Retest Low Marks: Maharashtra Student Ankita Sangle Dies by Suicide in Ahilyanagar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374794/neet-retest-suicide-maharashtra-ankita-sangle-ahilyanagar"
published_at: "2026-07-27T07:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f28477a71_neet-retest-suicide-maharashtra-ankita-sangle-ahilyanagar.jpg"
keywords: ["NEET Suicide", "Student Suicide", "NEET Marks", "Maharashtra News"]
---

# ‘ഞാൻ പരാജയപ്പെട്ടു, ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല’: നീറ്റ് പുനഃപരീക്ഷയിൽ‌ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

> **Lead Summary:** മുംബൈ: നീറ്റ് പുനഃപരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ അഹില്യാനഗർ ജില്ലയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.

## Article Content

മുംബൈ: നീറ്റ് പുനഃപരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ അഹില്യാനഗർ ജില്ലയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.

ജലാൽപുർ ഗ്രാമവാസിയായ അങ്കിത സാംഗ്ലെ എന്ന പെൺകുട്ടിയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.പരീക്ഷയിൽ 166 മാർക്ക് മാത്രം ലഭിച്ചതിനെ തുടർന്ന് അങ്കിത കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അങ്കിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മറാത്തിയിൽ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

‘‘നിങ്ങൾ എന്നെ ഒരുപാട് സ്നേഹിച്ചു. പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധികളിലും അമ്മ ഒരു സുഹൃത്തിനെപ്പോലെ എന്നെ പിന്തുണച്ചു. ദാദ, നീയും എന്നെ ഒരുപാട് സഹായിച്ചു.

അമ്മയെക്കാളും അച്ഛനെക്കാളും നീ എന്നെ സ്നേഹിച്ചു’’ എന്നാണ് അങ്കിത കുറിപ്പിൽ എഴുതിയിരിക്കുന്നത്.‘എന്റെ ആത്മഹത്യയ്ക്ക് നിങ്ങളാരും ഉത്തരവാദികളല്ല.

ഞാൻ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ പോലും നിങ്ങൾ എനിക്കു വേണ്ടി എല്ലാം ത്യാഗം ചെയ്തു. പക്ഷേ ഞാൻ പരാജയപ്പെട്ടു. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല’’ എന്നും കത്തിൽ പരാമർശമുണ്ട്.

മാതാപിതാക്കളെ നന്നായി നോക്കണമെന്ന് സഹോദരനോട് അങ്കിത കത്തിൽ പ്രത്യേകം അഭ്യർഥിച്ചിട്ടുണ്ട്. ‘‘ദാദാ, ദയവായി അമ്മയെയും അച്ഛനെയും നന്നായി നോക്കണം. അവർക്ക് ഒന്നിനും കുറവുണ്ടാകരുത്’’ എന്നാണ് അവസാന അഭ്യർഥന.

സംഭവത്തെ തുടർന്ന് ജലാൽപുർ ഗ്രാമം ദുഃഖത്തിലാണ്. പഠനത്തിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും ആഗ്രഹിച്ച ഫലം ലഭിക്കാത്തതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലത്തിന്റെ സമ്മർദം വിദ്യാർഥികളിൽ വലിയ ആഘാതം ഉണ്ടാക്കുന്നുണ്ടെന്നും, ഇത്തരം സാഹചര്യങ്ങളിൽ മാനസിക പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374794/neet-retest-suicide-maharashtra-ankita-sangle-ahilyanagar)