---
title: "ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും"
english_title: "Sabarimala Gold Theft Case: SIT To Seek Custody of Ex Devaswom President P S Prashanth and A Ajikumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374790/sabarimala-gold-theft-case-ps-prashanth-ajikumar-sit-custody"
published_at: "2026-07-27T06:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a425b830faa9_shabarimala.jpg"
keywords: ["Sabarimala Gold Theft", "SIT Investigation", "PS Prashanth", "A Ajikumar", "Sabarimala News"]
---

# ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും

> **Lead Summary:** തിരുവനന്തപുരം: 2019-ൽ നടന്ന ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നു.

## Article Content

തിരുവനന്തപുരം: 2019-ൽ നടന്ന ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നു.

ഇതിന്റെ ഭാഗമായി എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന ഇരുവരും തിരുവനന്തപുരം സ്പെഷ്യൽ ജയിലാണ്.

കോടതി കസ്റ്റഡി അനുവദിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

2019-ൽ ശബരിമല നടയിൽ നടന്ന സ്വർണക്കൊള്ള മറച്ചുപിടിക്കാനാണ് 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോർഡ് സ്വർണ പാളികൾ ചെന്നൈയിലെ സ്വകാര്യ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ.

സംഭവം പുറത്തറിയാതിരിക്കാൻ ബോർഡ് ഉന്നതതലത്തിൽ ഗൂഢാലോചന നടത്തിയെന്നും, ഇതിന്റെ ഭാഗമായാണ് സ്വർണ പാളികൾ പുനർനിർമ്മാണത്തിന്റെ പേരിൽ പുറത്തേക്ക് മാറ്റിയതെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കേസിൽ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പി.എസ്. പ്രശാന്ത് വിശദമായ വിശദീകരണം നൽകിയിട്ടുണ്ട്. സ്വർണ പാളികൾ പുനർനിർമ്മാണത്തിനായി അയച്ചതാണെന്നും ഇതിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ എസ്.ഐ.ടി ഇത് അംഗീകരിച്ചിട്ടില്ല.കസ്റ്റഡിയിൽ ലഭിച്ചാൽ രേഖകൾ, ഫയലുകൾ, ബോർഡ് യോഗ തീരുമാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സ്വർണം എവിടേക്ക് മാറ്റി, ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടത്, എത്ര തുകയുടെ നഷ്ടമുണ്ടായി എന്നിവയെല്ലാം കസ്റ്റഡി ചോദ്യം ചെയ്യലിലൂടെ വ്യക്തമാക്കാനാണ് ശ്രമം.

ശബരിമലയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. കേസിലെ അടുത്ത നീക്കങ്ങൾക്കായി എസ്.ഐ.ടി കൊല്ലം വിജിലൻസ് കോടതിയുടെ തീരുമാനം കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374790/sabarimala-gold-theft-case-ps-prashanth-ajikumar-sit-custody)