---
title: "ദുബായിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ "
english_title: "Palakkad Man Arrested by Kozhikode Cyber Police for UAE Job Fraud of Rs 1.22 Lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374788/palakkad-uae-job-fraud-cyber-arrest-ayyoob-kozikode-police"
published_at: "2026-07-27T06:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66ad0f4b643_palakkad-uae-job-fraud-cyber-arrest-ayyoob-kozikode-police.jpg"
keywords: ["Palakkad Job Fraud", "UAE Job Scam", "Kozhikode Cyber Crime", "Work Permit Fraud"]
---

# ദുബായിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് സ്വദേശി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ 

> **Lead Summary:** പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലക്കാട് സ്വദേശി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. തിരുവേഗപ്പുറ കൈപ്പുറം അഴകൻകണ്ടത്തിൽ അയ്യൂബിനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലക്കാട് സ്വദേശി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. തിരുവേഗപ്പുറ കൈപ്പുറം അഴകൻകണ്ടത്തിൽ അയ്യൂബിനെയാണ് അറസ്റ്റ് ചെയ്തത്.

യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വ്യാജ ഓഫർ ലെറ്റർ, വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ നൽകി പരാതിക്കാരനിൽ നിന്ന് 1,22,600 രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

പാലക്കാട് സ്വദേശിയായ പരാതിക്കാരനുമായി മെയ് മുതൽ ജൂലൈ വരെ രണ്ട് മാസത്തോളം വാട്സ്ആപ്പ് വഴിയാണ് പ്രതി സംസാരിച്ചത്. യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്നും നല്ല ശമ്പളത്തോടെ ജോലി ശരിയാക്കി തരാമെന്നും പറഞ്ഞാണ് വിശ്വാസം നേടിയത്.

തുടർന്ന് ഒരു സ്വകാര്യ കമ്പനിയുടെ പേരിൽ വ്യാജ ഓഫർ ലെറ്ററും യുഎഇ സർക്കാർ നൽകിയതാണെന്ന വ്യാജേന വർക്ക് പെർമിറ്റും വിമാന ടിക്കറ്റും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തു. വിസ നടപടികൾക്കും മറ്റ് ചെലവുകൾക്കുമായി ഘട്ടം ഘട്ടമായി പണം ആവശ്യപ്പെടുകയായിരുന്നു.

വാട്സ്ആപ്പ് പ്രൊഫൈലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ചിത്രവും പ്രതി ഉപയോഗിച്ചിരുന്നു. ഇതും വിശ്വാസം വർധിപ്പിക്കാൻ സഹായിച്ചു.

പരാതിക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാലക്കാട് ജില്ലയിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്ന അയ്യൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പരാതിക്കാരനിൽ നിന്ന് ലഭിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ട് വഴിയാണ് സ്വീകരിച്ചത്. പിന്നീട് ആ പണം ഇയാൾ ചെലവഴിക്കുകയും ചെയ്തു.

ഇയാൾക്കെതിരെ നേരത്തെയും സമാനമായ കേസുകൾ നിലവിലുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദേശ ജോലി തട്ടിപ്പുകളിൽ ഈ പ്രതിക്ക് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിദേശ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ ക്രൈം പൊലീസ് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും ഏജൻസിയുടെയോ വ്യക്തിയുടെയോ വാഗ്ദാനം വിശ്വസിക്കുന്നതിന് മുൻപ് രേഖകൾ ഔദ്യോഗികമായി പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374788/palakkad-uae-job-fraud-cyber-arrest-ayyoob-kozikode-police)