---
title: "വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്ന്"
english_title: "Vadakara Drug Case: Police To Take Teachers In Custody, More Teachers Under Scanner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374787/vadakara-drug-case-teachers-arrest-police-custody-investigation"
published_at: "2026-07-27T05:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66a7081659d_vadakara-drug-case-teachers-arrest-police-custody-investigation.jpg"
keywords: ["Vadakara MDMA Case", "Maruthonkara MDMA Case", "Drug Racket", "Teachers Arrested", "Education Department Dismissal"]
---

# വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്ന്

> **Lead Summary:** കോഴിക്കോട്: [ കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ രണ്ട് അധ്യാപികമാരുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് ഒരുങ്ങുന്നു.

## Article Content

കോഴിക്കോട്: [ കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ രണ്ട് അധ്യാപികമാരുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് ഒരുങ്ങുന്നു.

കേസിലെ പ്രധാന പ്രതികളായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് ഉടൻ കോടതിയെ സമീപിക്കും. കസ്റ്റഡിയിൽ ലഭിച്ചതിന് ശേഷം ഇരുവരെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ലഹരിമരുന്നിന്റെ ഉറവിടം, ഇടപാടുകളുടെ ശൃംഖല, ഇതിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോ എന്നിവയെല്ലാം ചോദ്യം ചെയ്യലിലൂടെ വ്യക്തമാക്കാനാണ് പൊലീസിന്റെ ശ്രമം.

കേസിൽ നിലവിൽ അറസ്റ്റിലായ രണ്ട് അധ്യാപികമാർക്ക് പുറമെ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്കൂളുകളിലും ട്യൂഷൻ കേന്ദ്രങ്ങളിലും ഇവർക്ക് ബന്ധമുള്ള മറ്റ് അധ്യാപകരുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

ആവശ്യമെങ്കിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇവരുമായി ലഹരി ഇടപാടുകൾ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

വടകര, കൂരാച്ചുണ്ട്, മരുതോങ്കര എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ലഹരി ശൃംഖല പൂർണ്ണമായി തകർക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവം പുറത്തുവന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. കേസിൽ അറസ്റ്റിലായ താത്കാലിക അധ്യാപികയായ കാവ്യയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

അതേസമയം പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീർത്തനയെ ഇന്നലെ തന്നെ വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇരുവർക്കുമെതിരെയും നടപടി.അധ്യാപികമാരുടെ അറസ്റ്റ് നാട്ടിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

വിദ്യാഭ്യാസ മേഖലയിലെ ലഹരി ഉപയോഗത്തെയും ഇടപാടുകളെയും കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374787/vadakara-drug-case-teachers-arrest-police-custody-investigation)