---
title: "തൂഫാനിൽ കുടുങ്ങി 35-കാരൻ; ചെങ്ങന്നൂരിൽ 8.89 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ "
english_title: "Chengannur Heroin Seizure 8.89 Gram West Bengal Man Arrested Operation Thoofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374782/chengannur-heroin-seizure-8-89-gram-west-bengal-man-arrested"
published_at: "2026-07-26T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6640d294686_chengannur-heroin-seizure-8-89-gram-west-bengal-man-arrested.jpg"
keywords: ["Chengannur", "Heroin", "Drug Seizure", "Operation Thoofan", "Kerala Police"]
---

# തൂഫാനിൽ കുടുങ്ങി 35-കാരൻ; ചെങ്ങന്നൂരിൽ 8.89 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ 

> **Lead Summary:** ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി ബംഗാളിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ. മാൾഡ സ്വദേശി മോക്കിം ആണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് അറസ്റ്റിലായത്.

## Article Content

ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി ബംഗാളിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ. മാൾഡ സ്വദേശി മോക്കിം ആണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് അറസ്റ്റിലായത്.

കേരളത്തിലെ ആവശ്യക്കാർക്ക് നൽകാനായി ബംഗാളിലെ മാൾഡയിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസിനോട് സമ്മതിച്ചു.സംസ്ഥാനത്തൊട്ടാകെ ലഹരി കടത്തിനെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്‍' ന്റെ ഭാഗമായി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ചെങ്ങന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് സംശയം തോന്നിയ മോക്കിമിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്.

ബാഗിൽ സൂക്ഷിച്ചിരുന്ന 8.89 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.അന്വേഷണത്തിൽ ഇയാൾക്ക് സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ലഹരി വിൽപ്പന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാൾഡയിൽ നിന്ന് ട്രെയിൻ മാർഗമാണ് മയക്കുമരുന്ന് കടത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ മോക്കിമിനെ റിമാൻഡ് ചെയ്തു. ലഹരി ആർക്കൊക്കെ വിതരണം ചെയ്യാനായിരുന്നു, ഇടനിലക്കാർ ആരൊക്കെ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374782/chengannur-heroin-seizure-8-89-gram-west-bengal-man-arrested)