---
title: "എന്തായിരുന്നു ഓഫർ ...! കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം തട്ടി; ഒളിവിൽ കഴിഞ്ഞ യുവാവിനെ പൊക്കി പൊലീസ് "
english_title: "Guruvayur Police Arrest Kasaragod Man Car Fraud 22 Lakh Rupees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374779/guruvayur-police-arrest-kasaragod-man-car-fraud-22-lakh"
published_at: "2026-07-26T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6637f765b24_guruvayur-police-arrest-kasaragod-man-car-fraud-22-lakh.jpg"
keywords: ["Thrissur", "Guruvayur Car Fraud", "Kasaragod", "Kerala Police", "Arrest"]
---

# എന്തായിരുന്നു ഓഫർ ...! കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം തട്ടി; ഒളിവിൽ കഴിഞ്ഞ യുവാവിനെ പൊക്കി പൊലീസ് 

> **Lead Summary:** തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിയ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീറിനെയാണ് ഗുരുവായൂർ എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

## Article Content

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിയ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീറിനെയാണ് ഗുരുവായൂർ എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയുടെ പരാതിയിലാണ് നടപടി. 2024ലാണ് കേസിനാസ്പദമായ സംഭവം. ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ 3 ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് തൻസീർ ഫെലിക്സിൽ നിന്ന് 22 ലക്ഷം രൂപ കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത 3 കാറുകളിൽ ഒന്ന് മാത്രമാണ് പിന്നീട് നൽകിയത്.

പണം തിരികെ ചോദിച്ചപ്പോൾ പ്രതി ഒഴിഞ്ഞുമാറുകയും പിന്നീട് ഒളിവിൽ പോവുകയുമായിരുന്നു.സംഭവത്തിൽ സമാന രീതിയിൽ നിരവധി പരാതികൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ സി.കെ. ഷാജു, എം.ബി. പ്രേമൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജോസ് പോൾ, ജോമോൻ, ലാൽ എന്നിവരും അറസ്റ്റ് നടപടികളിൽ പങ്കെടുത്തു.കുറഞ്ഞ വിലയിൽ വാഹനങ്ങൾ വാങ്ങി നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. രേഖകൾ പരിശോധിക്കാതെയും മുൻകൂറായി വലിയ തുകകൾ കൈമാറുന്നതിന് മുമ്പും ഉചിതമായ അന്വേഷണം നടത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374779/guruvayur-police-arrest-kasaragod-man-car-fraud-22-lakh)