---
title: " അരുംകൊല മക്കളുടെ മുന്നിൽ...; എട്ട് മാസം ഗർഭിണിയായ ഭാര്യയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്"
english_title: "Mahoba Uttar Pradesh Husband Kills 8 Month Pregnant Wife Children Witness"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374764/mahoba-uttar-pradesh-husband-kills-pregnant-wife"
published_at: "2026-07-26T19:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6616e0e29d0_mahoba-uttar-pradesh-husband-kills-pregnant-wife.jpg"
keywords: ["Mahoba", "Uttar Pradesh", "Domestic Violence", "Murder Case", "Pregnant Woman"]
---

#  അരുംകൊല മക്കളുടെ മുന്നിൽ...; എട്ട് മാസം ഗർഭിണിയായ ഭാര്യയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

> **Lead Summary:** **ലക്നൗ: ** ഉത്തർപ്രദേശിലെ മഹോബയിൽ എട്ട് മാസം ഗർഭിണിയായ ഭാര്യയെ മദ്യപാനിയായ ഭർത്താവ് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസുള്ള മക്കളുടെ മുന്നിൽ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം.

## Article Content

**ലക്നൗ: ** ഉത്തർപ്രദേശിലെ മഹോബയിൽ എട്ട് മാസം ഗർഭിണിയായ ഭാര്യയെ മദ്യപാനിയായ ഭർത്താവ് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസുള്ള മക്കളുടെ മുന്നിൽ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം.

മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് മൻസൂരിയാണ് ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും ഹനീഫ് ഇതിനകം വിറ്റുതീർത്തിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഹനീഫിനെ വീണ്ടും മദ്യപിക്കുന്നതിൽ നിന്ന് മനീഷ തടയാൻ ശ്രമിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ക്ഷുഭിതനായ ഹനീഫ് വീട്ടിലുണ്ടായിരുന്ന അരിവാളെടുത്ത് ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ മനീഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ ഹനീഫ് തന്നെ പോലീസിനെ വിളിച്ചുവരുത്തി.

എന്നാൽ അഞ്ച് വയസുള്ള മകൻ പോലീസിന് നൽകിയ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.സംശയരോഗിയായ ഹനീഫ് നേരത്തെയും മനീഷയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി യുവതിയുടെ സഹോദരൻ നസീം മൻസൂരി പറഞ്ഞു.

2021-ലായിരുന്നു ഇവരുടെ വിവാഹം. ഹനീഫിന് വധശിക്ഷ നൽകണമെന്ന് മനീഷയുടെ പിതാവ് ആവശ്യപ്പെട്ടു. അനാഥരായ രണ്ട് കുട്ടികളെയും താൻ സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. മനീഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374764/mahoba-uttar-pradesh-husband-kills-pregnant-wife)