---
title: "അമ്മയെ തല്ലിചതച്ച് മകനും മരുമകളും; 73-കാരിയുടെ ചുണ്ടിന് എട്ട്  സ്റ്റിച്ചുകൾ, ലോണടയ്ക്കാൻ വഴിയോരത്ത് പണി, ആറ്റുകാലിൽ ഞെട്ടിക്കുന്ന ക്രൂരത"
english_title: "Thiruvananthapuram: 73-Year-Old Mother Assaulted By Son And Daughter-In-Law In Attukal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374738/thiruvananthapuram-attukal-mother-assaulted-son-daughter-in-law-5-lakh-loan"
published_at: "2026-07-26T15:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65de3f5bb5b_thiruvananthapuram-attukal-mother-assaulted-son-daughter-in-law-5-lakh-loan.jpg"
keywords: ["Thiruvananthapuram", "Elder Abuse", "Domestic Violence", "Kerala News", "Bindu Krishna"]
---

# അമ്മയെ തല്ലിചതച്ച് മകനും മരുമകളും; 73-കാരിയുടെ ചുണ്ടിന് എട്ട്  സ്റ്റിച്ചുകൾ, ലോണടയ്ക്കാൻ വഴിയോരത്ത് പണി, ആറ്റുകാലിൽ ഞെട്ടിക്കുന്ന ക്രൂരത

> **Lead Summary:** **തിരുവനന്തപുരം: **ആറ്റുകാലിൽ 73 കാരിയായ അമ്മക്ക് മകന്റെയും മരുമകളുടെയും ക്രൂര മർദ്ദനമെന്ന പരാതി. സരസ്വതി അമ്മയ്ക്കാണ് മർദ്ദനമേറ്റത്. ആറ്റുകാൽ സ്വദേശി സരസ്വതി അമ്മയെ മകൻ മധു വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും പരാതിയുണ്ട്. ദേഹത്താസകലം മുറിവുകളുണ്ട്. ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടർന്ന് 8 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു.

## Article Content

**തിരുവനന്തപുരം: **ആറ്റുകാലിൽ 73 കാരിയായ അമ്മക്ക് മകന്റെയും മരുമകളുടെയും ക്രൂര മർദ്ദനമെന്ന പരാതി. സരസ്വതി അമ്മയ്ക്കാണ് മർദ്ദനമേറ്റത്. ആറ്റുകാൽ സ്വദേശി സരസ്വതി അമ്മയെ മകൻ മധു വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും പരാതിയുണ്ട്. ദേഹത്താസകലം മുറിവുകളുണ്ട്. ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടർന്ന് 8 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു.

തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി അമ്മ താമസിക്കുന്നത്.  അമ്മയുടെ പേരിലുള്ള വസ്തു പണയം വെച്ച് 5 ലക്ഷം രൂപ മകൻ മധു ലോൺ എടുത്തിരുന്നു. ഈ ലോൺ കഴിഞ്ഞ 7 വർഷമായി വീട്ട് ജോലിക്ക് പോയാണ് സരസ്വതി അമ്മ അടയ്ക്കുന്നത് എന്നും അവർ പറയുന്നു.

വീട് ഒഴിയണമെന്ന ഫോർട്ട് പൊലീസിന്റെ മുന്നറിയിപ്പ് മകൻ അവഗണിച്ചെന്നും ആരോപണമുണ്ട്. മകൻ മധുവും ഭാര്യ ആതിരയും ചേർന്നാണ് അമ്മയെ മർദിച്ചത് എന്നാണ് പരാതി. ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകളാണ് എന്ന് സരസ്വതി അമ്മ പറഞ്ഞു. ചൊവ്വാഴ്ച വീട്ടിലെത്തി പ്രശ്നങ്ങൾ പറയുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 

> വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. നടന്നത് ക്രൂരമായ സംഭവമാണ്. അമ്മയ്ക്ക് ചികിത്സ ഉറപ്പാക്കും. അടിയന്തിരമായി നിയമ നടപടി സ്വീകരിക്കും. മകനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകും" എന്ന് മന്ത്രി അറിയിച്ചു. ആദ്യം ഫോർട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. കുടുംബ പ്രശ്നം എന്ന നിലയിൽ പരിഹരിക്കാനായിരുന്നു നീക്കം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374738/thiruvananthapuram-attukal-mother-assaulted-son-daughter-in-law-5-lakh-loan)