---
title: "മുതിർന്ന സിപിഐ എം നേതാവ് ബാണത്തുംകണ്ടി ബി കെ കാദർ അന്തരിച്ചു "
english_title: "Senior CPI(M) Leader BK Kader Passes Away At 80"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374736/bk-kader-cpi-m-leader-iritty-passes-away-obituary"
published_at: "2026-07-26T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65dcb5583ec_bk-kader-cpi-m-leader-iritty-passes-away-obituary.jpg"
keywords: ["BK Kader", "CPI(M)", "Iritty", "CITU", "Kannur", "Obituary", "Left Leader"]
---

# മുതിർന്ന സിപിഐ എം നേതാവ് ബാണത്തുംകണ്ടി ബി കെ കാദർ അന്തരിച്ചു 

> **Lead Summary:** **ഇരിട്ടി : ** മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബാണത്തുംകണ്ടി ബി കെ കാദർ അന്തരിച്ചു. കർഷക തൊഴിലാളി യൂണിയൻ നേതാവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.

## Article Content

**ഇരിട്ടി : ** മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബാണത്തുംകണ്ടി ബി കെ കാദർ അന്തരിച്ചു. കർഷക തൊഴിലാളി യൂണിയൻ നേതാവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.

അവിഭക്ത കൂത്തുപറമ്പ് താലൂക്ക് കമ്മിറ്റിക്ക് കീഴിൽ കെഎസ്‌വൈഎഫ് പായം വില്ലേജ് കമ്മിറ്റി അംഗമായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. മാടത്തിൽ ടൗണിലെ ആദ്യകാല ചുമട്ട് തൊഴിലാളി കൂടിയായിരുന്നു. സിപിഐ എം പായം ലോക്കൽ കമ്മിറ്റി അംഗം, അവിഭക്ത മട്ടന്നൂർ ഏരിയാ കമ്മിറ്റി അംഗം, ഇരിട്ടി ഏരിയാ കമ്മിറ്റി അംഗം, പായം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം, മട്ടന്നൂർ, ഇരിട്ടി ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ചുമട്ട് തൊഴിലാളി യൂനിയൻ സിഐടിയുവിന്റെ സ്ഥാപക നേതാവും ദീർഘകാലം പ്രസിഡന്റുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ കലക്ട്രേറ്റ് പടിക്കൽ നടത്തിയ സമരത്തിൽ പലവട്ടം പൊലീസ് ലാത്തിച്ചാർജ് അടക്കമുള്ള മർദ്ദനമേറ്റു.

1970 ൽ ഐക്യമുന്നണി സർക്കാർ ചുമത്തിയ കള്ളക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ ഭീകരമർദ്ദനമേറ്റു. എ കെ ജിയുടെ ഇടപെടലിനെ തുടർന്ന് ഹൈക്കോടതി വിചാരണയിൽ കാദർ ഉൾപ്പെടെ 23 സിപിഐ എം പ്രവർത്തകരെയും കുറ്റക്കാരല്ലെന്ന് വിധിച്ചു. ആദ്യ ഇരിട്ടി ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിൽ ചെയർമാൻ, തുടർന്ന് ആദ്യ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് ഗ്രാമീണ വികസന ആസൂത്രണത്തിൽ മികവ് തെളിയിച്ചു.

നിലവിൽ സിപിഐ എം പുന്നാട് ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: ടി കെ സക്കീന. മക്കൾ: സീനത്ത്, മുനീറ, പരേതനായ അബ്ദുൾ ജലീൽ. മരുമക്കൾ: അബൂബക്കർ, അഷറഫ്, ആയിഷ. ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം മാടത്തിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374736/bk-kader-cpi-m-leader-iritty-passes-away-obituary)