---
title: "മദ്യം വാങ്ങാൻ കള്ളനോട്ട്; പണി പാളി! 500 രൂപയുടെ 65 കള്ളനോട്ടുകളുമായി കാപ്പ കേസ് പ്രതി പിടിയിൽ"
english_title: "Karukachal Youth Arrested With 65 Fake 500 Rupee Notes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374728/karukachal-youth-arrested-65-fake-notes-500-alex-thomas"
published_at: "2026-07-26T15:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65d6005ef8d_karukachal-youth-arrested-65-fake-notes-500-alex-thomas.jpg"
keywords: ["Karukachal", "Fake Currency", "KAPPA Case", "Kerala Police"]
---

# മദ്യം വാങ്ങാൻ കള്ളനോട്ട്; പണി പാളി! 500 രൂപയുടെ 65 കള്ളനോട്ടുകളുമായി കാപ്പ കേസ് പ്രതി പിടിയിൽ

> **Lead Summary:** **കറുകച്ചാൽ: ** 500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് പൊലീസ് പിടിയിലായി. മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് 8.30ന് കറുകച്ചാൽ ബിവ്‌റേജസിൽ മദ്യം വാങ്ങാനെത്തിയ യുവാവ് നൽകിയത് 500 രൂപയുടെ കള്ളനോട്ടാണ് എന്ന് ജീവനക്കാർ തിരിച്ചറിഞ്ഞു.

## Article Content

**കറുകച്ചാൽ: ** 500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് പൊലീസ് പിടിയിലായി. മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് 8.30ന് കറുകച്ചാൽ ബിവ്‌റേജസിൽ മദ്യം വാങ്ങാനെത്തിയ യുവാവ് നൽകിയത് 500 രൂപയുടെ കള്ളനോട്ടാണ് എന്ന് ജീവനക്കാർ തിരിച്ചറിഞ്ഞു.

തുടർന്ന് അവർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സംഭവം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അലക്‌സ് തോമസിലെത്തിച്ചത്. ചോദ്യം ചെയ്യലിൽ മറ്റൊരു സുഹൃത്താണ് പണം നൽകിയതെന്ന് യുവാവ് പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയാളിൽ നിന്ന് 2 കള്ളനോട്ടുകൾ കൂടി കണ്ടെത്തി. ലോട്ടറി അടിച്ച പണമാണ് എന്ന് പറഞ്ഞ് അലക്‌സ് തോമസാണ് തനിക്ക് 3 എണ്ണം 500 രൂപ നോട്ടുകൾ നൽകിയതെന്ന് ഇയാൾ മൊഴി നൽകി. രാത്രി 1.30ഓടെ കറുകച്ചാൽ പൊലീസ് അലക്‌സിന്റെ മാമ്പതിയിലെ താമസസ്ഥലത്തെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

ഇയാളിൽ നിന്ന് 62 കള്ളനോട്ടുകൾ കൂടി പിടിച്ചെടുത്തു. നോട്ടുകൾ ആരാണ് നൽകിയതെന്ന് അലക്‌സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2023ൽ കറുകച്ചാൽ സ്റ്റേഷനിലെ 6 കേസുകളിൽ കാപ്പ ചുമത്തിയ പ്രതിയാണ് അലക്‌സ് തോമസ് എന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ എസ്. രാജേഷ്, എസ്.ഐമാരായ ടി.എസ്. ജയകൃഷ്ണൻ, ബിജു തോമസ്, സി.പി.ഒമാരായ ബ്രിജിത്ത് കൃഷ്ണ, ആന്‍റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374728/karukachal-youth-arrested-65-fake-notes-500-alex-thomas)