---
title: "'തുടക്കത്തിൽ അറച്ചുനിന്നവർക്കും ഒടുവിൽ പിന്തുണക്കേണ്ടി വന്നു, ഒരിക്കലും ഉണരാതെയിരിക്കുന്നതിനേക്കാൾ നല്ലത് ഒടുവിൽ ഉണരുന്നതാണ്'; കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് എം. സ്വരാജ്"
english_title: "Dharmendra Pradhan Resignation Is Victory of Great Struggle: M Swaraj"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374720/m-swaraj-dharmendra-pradhan-resignation-victory-cpm-"
published_at: "2026-07-26T14:01:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65c83d2c592_m-swaraj-dharmendra-pradhan-resignation-victory-cpm.jpg"
keywords: ["Latest News", "M Swaraj", "CPM", "Dharmendra Pradhan", "NEET Protest", "Left Student Organizations"]
---

# 'തുടക്കത്തിൽ അറച്ചുനിന്നവർക്കും ഒടുവിൽ പിന്തുണക്കേണ്ടി വന്നു, ഒരിക്കലും ഉണരാതെയിരിക്കുന്നതിനേക്കാൾ നല്ലത് ഒടുവിൽ ഉണരുന്നതാണ്'; കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് എം. സ്വരാജ്

> **Lead Summary:** **പാലക്കാട്: **കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് മഹത്തായ സമരത്തിന്റെ വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. സർക്കാരിന്റെ ജനവിരുദ്ധ മനോഭാവത്തിനെതിരെ ഉയർന്നുവന്ന ജനവികാരമാണ് ഈ രാജിയിലൂടെ പ്രകടമായിരിക്കുന്നത് എന്ന് സ്വരാജ് വ്യക്തമാക്കി. ഇത് കർഷക സമര വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

## Article Content

**പാലക്കാട്: **കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് മഹത്തായ സമരത്തിന്റെ വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. സർക്കാരിന്റെ ജനവിരുദ്ധ മനോഭാവത്തിനെതിരെ ഉയർന്നുവന്ന ജനവികാരമാണ് ഈ രാജിയിലൂടെ പ്രകടമായിരിക്കുന്നത് എന്ന് സ്വരാജ് വ്യക്തമാക്കി. ഇത് കർഷക സമര വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

> തുടക്കത്തിൽ സമരത്തോട് അറച്ചുനിന്നവർക്ക് ഒടുവിൽ പിന്തുണയ്ക്കേണ്ടി വന്നുവെന്ന് പറഞ്ഞ് കോൺഗ്രസിനെ പരോക്ഷമായി സ്വരാജ് വിമർശിച്ചു. "ഒരിക്കലും ഉണരാതെയിരിക്കുന്നതിനേക്കാൾ നല്ലത് ഒടുവിൽ ഉണരുന്നതാണ്. അത് അവർക്കൊരു പാഠമാകട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ വിഷയത്തിൽ യാതൊരുവിധ അവകാശവാദങ്ങൾക്കും തങ്ങൾക്ക് അവകാശമില്ല എന്ന് പറഞ്ഞ സ്വരാജ്, എന്നാൽ തുടക്കം മുതൽ അടിയുറച്ചുനിന്ന് മർദ്ദനം ഏറ്റുവാങ്ങിയത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണ് എന്നത് ജനങ്ങൾക്ക് പകൽ പോലെ വ്യക്തമാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ തുടക്കം മുതൽ തങ്ങൾക്ക് യാതൊരുവിധ സംശയങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ സമരം എല്ലാവർക്കും ഒത്തൊരുമയുടെ വലിയ പാഠമാണ് നൽകുന്നതെന്ന് എം. സ്വരാജ് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വിജയം ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒടുവിൽ എല്ലാവർക്കും സമരത്തെ പിന്തുണയ്ക്കേണ്ടി വന്ന സാഹചര്യം ജനകീയ മുന്നേറ്റങ്ങളുടെ കരുത്താണ് വ്യക്തമാക്കുന്നതെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു.

അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജന്തർ മന്തറിൽ നടക്കുന്ന കോക്റോച്ച് ജനത പാർട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളുടെ സംഘം ദില്ലിയിലെത്തി. ജൂലൈ 24നാണ് കേരളത്തിൽനിന്ന് ഡിവൈഎഫ്ഐ സംഘം ട്രെയിനിൽ ദില്ലിയിലേക്ക് പുറപ്പെട്ടത്.

ആദ്യഘട്ടത്തിൽ ആയിരം ഡിവൈഎഫ്ഐ പ്രവർത്തകരെ സമരത്തിന്റെ ഭാഗമാക്കാൻ എത്തിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രഖ്യാപനം. സമരയാത്രയ്ക്ക് മുന്നോടിയായി 24ന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഏകദിന സമരം നടത്തിയിരുന്നു. 27ന് ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു സമരത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374720/m-swaraj-dharmendra-pradhan-resignation-victory-cpm-)