---
title: "'ഡൽഹി ചലോ'; സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട  ഡിവൈഎഫ്ഐ സംഘം ദില്ലിയിലെത്തി"
english_title: "DYFI Kerala Leaders Reach Delhi: CJPI Protest Ends After Dharmendra Pradhan Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374718/dyfi-kerala-delhi-cjpi-protest-dharmendra-pradhan-resignation-"
published_at: "2026-07-26T13:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65c108379e3_dyfi-kerala-delhi-cjpi-protest-dharmendra-pradhan-resignation.jpg"
keywords: ["DYFI", "Delhi Chalo", "Jantar Mantar", "CJPI Protest", "NEET Irregularity", "Dharmendra Pradhan"]
---

# 'ഡൽഹി ചലോ'; സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട  ഡിവൈഎഫ്ഐ സംഘം ദില്ലിയിലെത്തി

> **Lead Summary:** **ദില്ലി: **നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജന്തർ മന്തറിൽ നടക്കുന്ന കോക്റോച്ച് ജനത പാർട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളുടെ സംഘം ദില്ലിയിലെത്തി. ജൂലൈ 24നാണ് കേരളത്തിൽനിന്ന് ഡിവൈഎഫ്ഐ സംഘം ട്രെയിനിൽ ദില്ലിയിലേക്ക് പുറപ്പെട്ടത്.

## Article Content

**ദില്ലി: **നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജന്തർ മന്തറിൽ നടക്കുന്ന കോക്റോച്ച് ജനത പാർട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളുടെ സംഘം ദില്ലിയിലെത്തി. ജൂലൈ 24നാണ് കേരളത്തിൽനിന്ന് ഡിവൈഎഫ്ഐ സംഘം ട്രെയിനിൽ ദില്ലിയിലേക്ക് പുറപ്പെട്ടത്.

ആദ്യഘട്ടത്തിൽ ആയിരം ഡിവൈഎഫ്ഐ പ്രവർത്തകരെ സമരത്തിന്റെ ഭാഗമാക്കാൻ എത്തിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രഖ്യാപനം. സമരയാത്രയ്ക്ക് മുന്നോടിയായി 24ന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഏകദിന സമരം നടത്തിയിരുന്നു. 27ന് ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു സമരത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ജൂലൈ 27ന് രാവിലെ ജന്തർ മന്തറിലെ സമരകേന്ദ്രത്തിൽ എത്തി സമരത്തിന്റെ ഭാഗമാകാനായിരുന്നു തീരുമാനം. എന്നാൽ ജൂലൈ 25ന് ധർമേന്ദ്ര പ്രധാൻ രാജിവച്ചു. തുടർന്ന് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സിജെപിഐ നേതൃത്വം സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 

സമരം അവസാനിച്ച സാഹചര്യത്തിൽ നാളെ ദില്ലിയിൽ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്ത ശേഷം ഡിവൈഎഫ്ഐ സംഘം കേരളത്തിലേക്ക് മടങ്ങും. വിദ്യാർത്ഥി-യുവജന പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സന്ദേശമാണ് ഈ സമരത്തിലൂടെ നൽകിയതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചു.

അതേസമയം രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും.ശക്തമായ സമരത്തെ തുടർന്നാണ് ധർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു രാജ്യവ്യാപക പ്രതിഷേധം. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ മന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം പാർലമെന്ററി കാര്യ, കൽക്കരി, ഖനി വകുപ്പുകളുടെ ചുമതലയുള്ള പ്രഹ്ലാദ് ജോഷിക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നൽകുന്നത്. പ്രധാനമന്ത്രിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളാണ് ജോഷി. ലോക്സഭയിലെ സർക്കാരിന്റെ മുഖ്യ തന്ത്രജ്ഞൻ കൂടിയാണ് അദ്ദേഹം.

ധർമേന്ദ്ര പ്രധാന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, നീറ്റ്, ജെഇഇ പരീക്ഷകളിലെ പരിഷ്കാരങ്ങൾ തുടങ്ങിയ നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടായി. പുതിയ മന്ത്രി ചുമതലയേൽക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

വിദ്യാർത്ഥികളുമായും അധ്യാപക സംഘടനകളുമായും മികച്ച ബന്ധം പുലർത്തുന്ന നേതാവാണ് പ്രഹ്ലാദ് ജോഷി. കർണാടകയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് കൂടിയായ അദ്ദേഹം പാർലമെന്റിൽ സർക്കാരിന്റെ നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടി ലഭിക്കുന്നതോടെ കേന്ദ്ര സർക്കാരിന്റെ പ്രധാന വകുപ്പുകളിൽ ഒന്നിന്റെ അധിക ചുമതല കൂടി ജോഷിക്ക് വരും. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374718/dyfi-kerala-delhi-cjpi-protest-dharmendra-pradhan-resignation-)